sunila

വിതുര: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് കാമുകൻ പൊലീസിൽ മൊഴി നൽകി.അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനിലയെയാണ് (22) പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.അന്ന് രാവിലെ മരുന്ന് വാങ്ങാനായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് സുനില വീട്ടിൽ നിന്നിറങ്ങിയത്. അച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. വൈകിട്ടായിട്ടും സുനില മടങ്ങിവരാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്.

തിരുവനന്തപുരത്തു നിന്ന് വൈകിട്ട് ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തി. വനമേഖലയോടു ചേർന്നുള്ള വിജനമായ പ്രദേശമാണിത്.

തുടർന്ന് ഉടൻ വിവാഹം കഴിക്കണമെന്ന് അച്ചു സുനിലയോട് ആവശ്യപ്പെട്ടു. കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തത്കാലം നടക്കില്ലെന്നും കുറച്ചുനാൾ കാത്തിരുന്നാൽ കൂടെ വരാമെന്നും സുനില പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കായി. ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാത്തതിനെ തുടർന്ന് ക്ഷുഭിതനായ അച്ചു സുനിലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി തറയിൽ വീണുകിടന്ന സുനിലയുടെ കഴുത്തിൽ ചരട് മുറുക്കി.രാത്രി 8.30നായിരുന്നു കൊലപാതകം. പരിസരത്തൊന്നും ആൾതാമസമില്ലാത്തതിനാൽ സുനിലയുടെ നിലവിളി ആരും കേട്ടില്ല. മരണം ഉറപ്പാക്കിയശേഷം അച്ചു നേരം പുലരുവോളം മൃതദേഹത്തിന്റെ കൂടെ കിടന്നുറങ്ങി.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാൾ പറയുന്നു. പിറ്റേദിവസം പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാർ,വിതുര സ്റ്റേഷൻ ഹൗസ് ഒാഫീസർ എസ്.അജയകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. അച്ചുവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം പൂർത്തീകരിക്കുമെന്ന് വിതുര പൊലീസ് അറിയിച്ചു,