
തിരുവനന്തപുരം: പോത്തൻകോട് പൊട്ടക്കിണറ്റിലകപ്പെട്ട രണ്ട് കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടി. കല്ലൂർ വാർഡിലാണ് സംഭവം. ഇന്നലെ വൈകിട്ടോടെയാണ് പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ പന്നികൾ വീണത്.
തുടർന്ന് സുശീലൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ വിവരമറിയിച്ചു. രാത്രിയോടെ ഷൂട്ടർമാർ അടക്കമുള്ളവർ സ്ഥലത്തെത്തുകയും പന്നികളെ വെടിവച്ചുകൊല്ലുകയുമായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തുതന്നെ കുഴിച്ചുമൂടി.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വളരെ രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെ നാൽപ്പതോളം പന്നികളെയാണ് കൊന്ന് കുഴിച്ചുമൂടിയത്. കൃഷി നശിപ്പിക്കുന്നത് കൂടാതെ രാത്രി ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടമുണ്ടാകുകയും ചെയ്തതോടെയാണ് പന്നികളെ വെടിച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്.