police

പാട്‌ന: അഞ്ഞൂറുരൂപയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇരുപതുകാരനെ കുത്തിക്കൊലപ്പെടുത്തിയശേഷം കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ബീഹാറിൽ ഭോജ്‌പൂരിലെ അരയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കൂലിപ്പണിക്കാരനായ മോഹൻ സിംഗിനെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്.

അജയ് മഹാതോ എന്നയാൾ ജോലിക്കൂലിയായി 500 രൂപ നൽകാനുണ്ടായിരുന്നു. പലതവണ ചോദിച്ചെങ്കിലും അത് നൽകാൻ അയാൾ തയ്യാറായില്ല. വീണ്ടും ചോദിച്ചതാണ് കൊലയ്ക്ക് കാരണം. മോഹൻ സിംഗിന്റെ സുഹൃത്തുക്കളെത്തന്നെ കൊലനടത്താൻ അജയ് മഹാതോ ഏർപ്പാടാക്കുകയായിരുന്നു എന്നാണ് സഹോദരൻ പറയുന്നത്. മഹാതോയുടെ നിർദ്ദേശപ്രകാരം മോഹൻ സിംഗിനെ അവർ ഒരു പാർട്ടിക്ക് ക്ഷണിച്ചു. പാർട്ടിക്കിടെയാണ് കൊല നടത്തിയത്. തുടർന്ന് മൃതദേഹം വികൃതമാക്കി ഉപേക്ഷിക്കുകയായിരുന്നു.

ഏറെ വൈകിയും മോഹൻ സിംഗ് വീട്ടിൽ എത്താതെ വന്നതോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് സൻവാരി പാലത്തിന് സമീപത്തെ വയലിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ കുത്തിപ്പൊട്ടിച്ച നിലയിലും നെഞ്ചിന് മുകളിലോട്ടുള്ള ഭാഗങ്ങളിൽ മാരകമായി മുറിവേറ്റിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ അറസ്റ്റിലാവുമെന്നുമാണ് പൊലീസ് പറയുന്നത്.