
പാറശാല: കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊഴിയൂർ സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതിയെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് സ്വദേശിയും പൊഴിയൂർ ചക്കച്ചിവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന നടരാജൻ (42) ആണ് പിടിയിലായത്.
പകൽ സമയങ്ങളിൽ ഭക്തനായി ക്ഷേത്രങ്ങളിലെത്തുകയും രാത്രി ക്ഷേത്രത്തിന്റെ ഓഫീസ്, തിടപ്പള്ളി എന്നിവയുടെ വാതിലുകൾ കരിങ്കല്ല് കൊണ്ട് ഇടിച്ച് തകർത്ത് പണവും സ്വർണാഭരണങ്ങളും മോഷണം നടത്തുകയാണ് പതിവ്. സി.സി ടി.വി സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഒഴിവാക്കി മോഷണം നടത്തുന്നതിനാൽ മോഷ്ടാവിനെ കണ്ടെത്തുക എന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ ഉത്തരവനുസരിച്ച് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദേശപ്രകാരം പൊഴിയൂർ എസ്.എച്ച്.ഒ ടി. സതികുമാർ, എസ്.ഐ ശ്രീഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ രാജൻ. ടി, എ.എസ്.ഐമാരായ പ്രേംകുമാർ, ഹരിപ്രസാദ്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ മാരായ ആന്റണി മിറാന്റ, വിശാഖ്, ശ്യാംകുമാർ, ഡി.വി.ആർ എ.എസ്.ഐ രാജൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ കാരോട് ഭൂതത്താൻ ക്ഷേത്രത്തിന്റെ വാതിൽ തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
തമിഴ്‌നാട് ഭാഗത്തെ കൊല്ലങ്കോട്, നിദ്രവിള സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.