
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത 'അന്നപൂരണി' ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് താരം പ്രതികരിച്ചത്. പാർവതി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം അറിയിച്ചത്. സിനിമ ഇത്തരത്തിൽ സെൻസറിംഗിന് വിധേയമാകുമ്പോൾ ശ്വസിക്കാൻ പോലും അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അന്നപൂരണി ചിത്രത്തിനെതിരെ ഹെെന്ദവ സംഘടകളുടെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കിയത്. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമ്മാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. ഇന്നലെയാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കിയത്. ഇതിനെതിരെ പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.