
കോട്ടയം: ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ പ്രതികരണം നടത്തി. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറിയെന്നുമായിരുന്നു എം ടിയുടെ വിമർശനം. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു.
അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് നടത്തിയത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെയോ സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്ന് എം ടി പ്രതികരിച്ചു. 'ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്' എന്നാണ് അദ്ദേഹം സോഷ്യൽമീഡിയയിലുടെ പ്രതികരിച്ചത്. മികച്ച പ്രഭാഷകനും സഭയിലെ ജനകീയ മുഖവുമായ ഗീവർഗീസ് മാർ കൂറിലോസ് മുൻപും പലവിഷയങ്ങളിലും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്.