app

ബൊഗോട്ട (കൊളംബിയ): ഡേറ്റിംഗ് ആപ്പിലെ പങ്കാളിയെ കാണാനുള്ള ക്ഷണം സ്വീകരിച്ചുപോയ യുവാക്കൾ മരിക്കുന്ന സംഭവങ്ങൾ തുടരുന്നു. കൊളംബിയയിലാണ് സംഭവങ്ങൾ. കൊളംബിയയിലെത്തിയ യുഎസ് പൗരന്മാർക്ക് ഇത് സംബന്ധിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ എട്ട് യുഎസ് പൗരന്മാരെയാണ് കൊളംബിയയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിക്കവ‌ർക്കും മയക്കുമരുന്ന് നൽകിയ ശേഷമാണ് കൊലപ്പെടുത്തിയത്. കൊളംബിയയിലെ മെഡെലിൻ, കാർട്ടജീന, ബൊഗോട്ട എന്നി നഗരങ്ങളിലാണ് കൂടുതലായി യുഎസ് പൗരന്മാർ എത്തുന്നത്. ഈ സാഹചര്യത്തിലാണ് യുഎസ് എംബസിയുടെ മുന്നറിയിപ്പ്.

മരിച്ച യുവാക്കളിലെ പൊതുവായ ഘടകം ചില ഡേറ്റിംഗ് ആപ്പുകൾ പതിവായി ഉപയോഗിച്ചിരുന്നുവെന്നതാണ്. ബുധനാഴ്ചയാണ് സുരക്ഷാവകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കൊളംബിയൻ പങ്കാളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്ന പേരിൽ വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് കൊല ചെയ്യുന്നതായാണ് എംബസിയുടെ മുന്നറിയിപ്പ്.

കൊളംബിയയിലെ ബാറുകളിലേക്കും ഹോട്ടലുകളിലേക്കുമാണ് ഇത്തരത്തിൽ പൗരന്മാരെ വിളിച്ചുവരുത്തുന്നത്. ടിന്റർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളാണ് ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നത്. 2023ന്റെ അവസാന മാസങ്ങളിൽ വിദേശ പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ 200 ശതമാനത്തിന്റെ വളർച്ചയാണ് കൊളംബിയയിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.