loksabha-poll

തിരുവനന്തപുരം: കേരളത്തിൽ മത്സരിക്കുന്ന നാലിൽ മൂന്ന് സീറ്റുകൾക്കും കൈവന്നിരിക്കുന്ന ദേശീയ പ്രാധാന്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. അടുത്ത മാസം ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് തുടക്കമിട്ടേക്കും.

തിരുവനന്തപുരം, തൃശൂർ സീറ്റുകളിൽ ബി.ജെ.പിയും കടുപ്പിക്കുന്നതോടെ, ശക്തമായ ത്രികോണ മത്സരത്തിനാവും സാദ്ധ്യത. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സിറ്റിംഗ് എം.പി ശശി തരൂർ പ്രചാരണ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള വി.വി.ഐ.പിയാണ് ബി.ജെ.പി സ്ഥാനാർത്ഥിയെങ്കിൽ ദേശീയ ശ്രദ്ധ കൂടും. കഴിഞ്ഞ രണ്ട് തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സി.പിഐ ഇത്തവണ കൂടുതൽ കരുത്തനെ പോരിനിറക്കിയേക്കും.

തൃശൂരിൽ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ മുൻനിറുത്തിയാണ് ബി.ജെ.പി പോർമുഖം തുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ചാണ് മണ്ഡലത്തിൽ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വി.എസ്. സുനിൽ കുമാർ, കെ.പി. രാജേന്ദ്രൻ തുടങ്ങിയ പരിചയസമ്പന്നരടക്കമുള്ള നേതൃനിര അവിടെ സി.പി.ഐക്കുണ്ട്. കോൺഗ്രസിന് വേണ്ടി നിലവിലെ എം.പി ടി.എൻ. പ്രതാപൻ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

വയനാട്ടിൽ ഇന്ത്യാ മുന്നണിക്ക് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് നിലവിലെ എം.പി. അദ്ദേഹം തന്നെ മത്സരത്തിനിറങ്ങുമെന്ന് ഏറക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസായിരുന്നു അവിടെ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ മൂന്ന് തവണയും സി.പി.ഐ അവിടെ രണ്ടാമതെത്തിയിരുന്നു. മവേലിക്കരയിൽ ഇത്തവണ സി.പി.ഐയിൽ പുതുമുഖത്തിനും സാധ്യത ഉരിത്തിരിയുന്നുണ്ട്. കോൺഗ്രസിന് വേണ്ടി പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് വീണ്ടും മാറ്റുരയ്ക്കും.