
തിരുവനന്തപുരം:പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ അടുത്തഘട്ടം കൂടുതൽ ചടുലമാക്കാൻ സി.പി.എം. ഈ മാസം 20ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയോടെ ഇതിന് തുടക്കം കുറിക്കും. മനുഷ്യച്ചങ്ങല കേന്ദ്ര അവഗണനയ്ക്ക് എതിരെയാണെങ്കിലും ലക്ഷ്യം തിരഞ്ഞെടുപ്പാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരന്ന 36 ദിവസത്തെ നവകേരള സദസ് രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇതിലേക്ക് കടക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻ വരെ 700 കിലോ മീറ്റർ നീളുന്ന മനുഷ്യച്ചങ്ങല 20ന് വൈകിട്ട് 4 മുതൽ 5 മണി വരെയാണ് നടക്കുന്നത്. അന്ന് നാലിന് മുമ്പ് ബ്ളോക്ക് തലത്തിൽ സമ്മേളനങ്ങളും ചേരും.നീണ്ട നാളുകൾക്കുശേഷം ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ സി.പി.എം നേതാക്കളും അണികളും ഒന്നാകെ അണിനിരക്കും.കേരളത്തെ കടക്കെണിയിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനും വിവേചനത്തിനുമെതിരെ തീർക്കുന്ന പ്രതിഷേധ ജ്വാലയിൽ സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടെ പങ്കെടുപ്പിക്കും.
ഡൽഹിയിലെ സമരം പുനഃപരിശോധിച്ചേക്കും
കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എം.പിമാരും എം.എൽ.എമാരും
ഫെബ്രുവരിയിൽ ഡൽഹിയിൽ നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന ധർണ പുനഃപരിശോധിക്കുകയോ,മാറ്റി
വയ്ക്കുകയോ ചെയ്തേക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ഒടുവിൽ വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.തിരഞ്ഞെടുപ്പ് തീയതിയെ അടിസ്ഥാനമാക്കിയാവും തീരുമാനം.
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി
യോഗവും വിലയിരുത്തും.