
തൃശൂർ: നഗരത്തില്‍ 64കാരനെ തലക്കടിച്ചുകൊന്നു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടില്‍ പോള്‍ ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു മടവാക്കര സ്വദേശി കുന്നത്ത് വീട്ടില്‍ 63 കാരനായ കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് ഇരുവരും. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക കാരണം. രാത്രി എട്ടുമണിയോടെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു.ഇതിനിടെ പോള്‍ പ്രതിയുടെ മുഖത്ത് അടിച്ചു. ഇതിന്റെ വെെരാഗ്യത്തിൽ രാത്രി പതിനൊന്നുമണിയോടെ പോള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലത്ത് എത്തിയ കൊച്ചുപോള്‍ മരമുട്ടി കൊണ്ട് തലക്ക് അടിയ്ക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന പോളിനെ ഉടന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. രാത്രിതന്നെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കാറ്ററിംഗ് തൊഴിലാളിയാണ് പ്രതി. മരിച്ച പോള്‍ മാര്‍ക്കറ്റില്‍ തന്നെ അന്തിയുറങ്ങുന്ന ആളാണ്.
കുറച്ചുനാൾ മുമ്പ് സ്വർണാഭരണ നിർമ്മാണത്തൊഴിലാളിയായ ബംഗാളി യുവാവിനെ കമ്പിപ്പാരയ്‌ക്ക് തലയ്‌ക്കടിച്ച് കൊന്ന ഭാര്യാകാമുകൻ അറസ്റ്റിലായിരുന്നു. ബംഗാൾ ഹുബ്ലി ഫരീദ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക്കിനെ (40) കൊന്ന കേസിലാണ് സഹായിയും ബംഗാൾ സ്വദേശിയുമായ ബീരുവും (33), കാമുകിയും ബംഗാൾ സ്വദേശിയുമായ രേഷ്മാബീവിയും (30) അറസ്റ്റിലായത്.
ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് മാലിക്കിനെ കൊലപ്പെടുത്തിയത്. എന്നാൽ വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോൾ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു ഭാര്യ രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഉറങ്ങുകയായിരുന്ന മൻസൂറിനെ 12ന് രാത്രി കൊന്ന ശേഷം പിറ്റേന്ന് രാത്രി ഇരുവരും ചേർന്ന് താമസസ്ഥലത്ത് കുഴിച്ചിട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകായിരുന്നു.