
കൊച്ചി: പ്രമുഖ ഡിജിറ്റൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ബൈജൂസിന്റെ മൂല്യത്തിൽ കഴിഞ്ഞ ദിവസം പ്രമുഖ അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ളാക്ക്റോക്ക് 95 ശതമാനം കുറവാണ് വരുത്തിയത്. 2022ൽ ബൈജൂസിന്റെ മൂല്യം 2200 കോടി ഡോളർ മൂല്യമാണുണ്ടായിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനിയുടെ മൂല്യം നൂറ് കോടി ഡോളറിലേക്കാണ് ഇടിഞ്ഞത്.
ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ബൈജൂസിന് പുതിയ സാഹചര്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കും. വായ്പ നൽകിയിട്ടുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പണം തിരികെ ലഭിക്കാനായി നിയമ യുദ്ധം ശക്തമാക്കുന്നതിനിടെ ഓഹരി മൂല്യത്തിലുണ്ടായ ഇടിവ് ബൈജൂസിന്റെ നിലനില്പിനെ പോലും അപകടത്തിലാക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയ ആഗോള ഫണ്ടുകൾ പലതും പണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യതകൾ തേടുകയാണ്. ഇതിനിടെ കമ്പനിയുടെ ആസ്തികൾ വിറ്റഴിച്ച് കടങ്ങൾ തീർക്കാനും നീക്കങ്ങൾ സജീവമാണ്.
ധന മാനേജ്മെന്റിലെ പാളിച്ച വിനയായി
അനാവശ്യമായ ഏറ്റെടുക്കലുകളും പണം കൈകാര്യം ചെയ്യുന്നതിലുണ്ടായ പാളിച്ചകളുമാണ് ബൈജൂസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. 2021-22 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 8,500 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ബൈജൂസിന്റെ പ്രതാപ കാലത്ത് 30 കോടി ഡോളറിന് വാങ്ങിയ വൈറ്റ്ഹാറ്റ് ജൂനിയർ മൂലമുണ്ടായ നഷ്ടമാണ് ഇതിൽ പ്രധാനം. താങ്ങാവുന്നതിലും വലിയ സ്പോൺസർഷിപ്പുകൾക്ക് പോയതും ബൈജൂസിന് വിനയായി.