
ലിമ: പെറുവിലെ പ്രമുഖ നീലച്ചിത്രങ്ങളിലെ നായിക തൈന ഫീൽഡ്സിനെ (24) വീടിനുളളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നീലച്ചിത്ര മേഖലയിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താരം മരിച്ച വാർത്ത സത്യമാണെന്നും കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തായ അലജന്ദ്ര സ്വീറ്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തൈനയുടെ മരണത്തിൽ നീലച്ചിത്ര നിർമാണ കമ്പനിയായ മിൽക്കി പെറുവും അനുശോചിച്ചു. തൈന ഫീൽഡ്സ് ഇനി കൂടെയില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കാനാകുന്നില്ല. നിങ്ങളെ ഒരിക്കൽ കൂടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കമ്പനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചലച്ചിത്രരംഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തൈന എട്ട് മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജോലിക്കെടുത്താൽ എന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യാമെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. സംഭവത്തിന് ശേഷം ഞാൻ വീട്ടിൽ വന്ന് കുളിച്ചു. ഒരുപാട് കരഞ്ഞു. പിന്നീടും അതുതന്നെ പലതവണ സംഭവിച്ചു. ഇത്തരത്തിലുള്ള സമൂഹത്തിൽ അഡൾട്ട് സിനിമകളിൽ അഭിനയിക്കുക എന്നത് ബുദ്ധുമുട്ടാണെന്നും തൈന തുറന്ന് പറഞ്ഞിരുന്നു.
താരത്തിന്റെ തുറന്ന് പറച്ചിൽ അന്ന് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് തൈനയുടെ മരണവാർത്ത പുറത്തുവന്നത്. എന്നാൽ തൈനയെ മരിച്ചനിലയിൽ കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും മരണകാരണം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.