mohanlal

2018ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം 'ഒടിയൻ' അത്രവേഗം മലയാളികൾ മറക്കാൻ സാദ്ധ്യതയില്ല. ഫാന്റസി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഏറെ ചർച്ചയായിരുന്നു. വി എ ശ്രീകുമാറാണ് ഒടിയൻ സംവിധാനം ചെയ്തത്. ഒടിയന് ശേഷം മോഹൻലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങൾ ശ്രീകുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വി എ ശ്രീകുമാർ പ്രോജക്റ്റിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ വീണ്ടും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ പോവുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാർ.

'എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം' എന്ന കുറിപ്പോടെ ചിത്രീകരണത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ചിത്രത്തിൽ മോഹൻലാലിനെയും കാണാം. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. എന്നാൽ ഫിലിം എന്ന് ശ്രീകുമാർ പറഞ്ഞിരിക്കുന്നത് സിനിമയാണോ പരസ്യചിത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്. മോഹൻലാൽ നായകനാവുന്ന ഒരു പരസ്യചിത്രത്തിന്റെ കാര്യം ശ്രീകുമാർ തന്നെ ഇക്കഴിഞ്ഞ നവംബറിൽ പറയുകയും ചെയ്തിരുന്നു. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.