
കൊച്ചി: പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും ഇൻഫോസിസും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വീണ്ടും റെക്കാഡ് മുന്നേറ്റം കാഴ്ചവച്ചു.
മുംബയ് ഓഹരി സൂചികയായ സെൻസെക്സ് 847 പോയിന്റ് ഉയർന്ന് 72,550 ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 247 പോയിന്റ് നേട്ടവുമായി 21,895 ൽ എത്തി.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇൻഫോസിസിന്റെയും ടി.സി.എസിന്റെയും ലാഭത്തിൽ കുറവുണ്ടായെങ്കിലും പുതിയ ആഗോള കരാറുകൾ നേടാനായതാണ് നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചത്.
ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എൽടിഐമൈൻഡ്ട്രീ, ടെക്ക്മഹീന്ദ്ര, ടാറ്റ കൺസ്യൂമർ സർവീസസ്, എച്ച്.സി.എൽ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികളിൽ വൻ വാങ്ങൽ താത്പര്യം ദൃശ്യമായി.