
തിരുവനന്തപുരം: കരിമഠം കോളനിയിലെ കഞ്ചാവ് വില്പന തടഞ്ഞ കരിമഠം കോളനി സ്വദേശി വാള് നാസർ എന്ന നാസറിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോളനി സ്വദേശികളായ അമാനം സതി എന്ന സതി (52), നസീർ (40), തൊത്തി സെയ്‌താലി എന്ന സെയ്‌താലി (50) എന്നിവർക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷിച്ചു.
ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്‌ണുവാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം കഠിന തടവിന് പുറമേ നിയമവിരുദ്ധമായ സംഘം ചേരൽ,നിയമവിരുദ്ധമായി സംഘം ചേർന്ന് ലഹള നടത്തൽ, മാരകായുധത്തോടുകൂടി ലഹള നടത്തൽ എന്നീ കുറ്റങ്ങൾക്ക് മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കണം.
കൂട്ടുപ്രതികളായ കരിമഠം നിവാസികളായ ഉണ്ടക്കണ്ണൻ ജയൻ എന്ന ജയൻ, കാറ്റ് നവാസ് എന്ന നവാസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ 18 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്. കേസിലെ കൂട്ടുപ്രതികളായ അയ്യപ്പൻ,ഷാജി,മനു എന്നിവർ വിചാരണ തുടങ്ങും മുമ്പ് മരിച്ചിരുന്നു.
2006 സെപ്‌തംബർ 11ന് വൈകിട്ട് 5.30ന് കരിമഠം കോളനിയിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് മുന്നിൽവച്ചാണ് പ്രതികൾ നാസറിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട നാസർ മയക്കുമരുന്ന് വില്പനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്. നഗരത്തിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ സതിയോട് ഇനി മയക്കുമരുന്ന് കച്ചവടം നടത്തിയാൽ പൊലീസിന് വിവരം നൽകുമെന്ന് നാസർ പറഞ്ഞു. കുറച്ചുസമയത്തിനുശേഷം അമാനം സതി സുഹൃത്തുക്കളുമായെത്തി നാസറിനെ വെട്ടിയും കുത്തിയും മാരകമായി പരിക്കേല്പിച്ചെന്നാണ് കരിമഠം നിവാസികളായ ഷിബുവും രാജേഷും കോടതിയിൽ മൊഴി നൽകിയത്.
മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നസീർ സംഭവം നടന്ന് 23ാമത്തെ ദിവസമാണ് മരിച്ചത്. പ്രധാന പ്രതിയായ അമാനം സതി മറ്റൊരു മയക്കുമരുന്ന് വില്പനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.സലാഹുദ്ദീൻ,എ.ആർ.ഷാജി,ദേവിക മധു,അഖില ലാൽ എന്നിവർ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു.