vijay-babu

കൊച്ചി: അന്യഭാഷാ ചിത്രങ്ങൾ മലയാള സിനിമകളെ ഇല്ലാതാക്കുന്നുവെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. താരം തന്റെ പുതിയ ചിത്രമായ ഖൽബിന്റെ പ്രമോഷൻ അഭിമുഖത്തിനിടയിലാണ് ആരോപണം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റും വിജയ് ബാബു പങ്കുവച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങൾ പ്രധാന വിതരണക്കാർ തന്നെ ഇവിടെ റിലീസ് ചെയ്യുന്നു. വരാൻ പോകുന്ന പണം വാരിക്കൂട്ടുന്ന വലിയ അന്യഭാഷാ ചിത്രങ്ങൾ കാണിച്ച് ഇത്തരം വിതരണക്കാർ തീയേറ്ററുകളെ സമ്മർദ്ദത്തിലാക്കി ഈ ചിത്രങ്ങൾ കളിപ്പിക്കുമ്പോൾ എവിടെ എപ്പോൾ നമ്മുക്ക് മലയാള ചിത്രങ്ങൾ കാണിക്കാൻ സാധിക്കും.

ഇത്തരത്തിൽ വരുമ്പോൾ ആരും അറിയാത്ത ഇത്തരം ചിത്രങ്ങൾക്ക് കൂടുതൽ സ്ക്രീനുകളും കൂടുതൽ ഷോയും ലഭിക്കും. നല്ല ഉള്ളടക്കമുള്ള മലയാള ചിത്രങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ഭാവിയിൽ മലയാള സിനിമയുടെ ഐഡന്റി നഷ്ടമാകും. പകരം പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ചില വൻ മലയാള സിനിമകൾ മാത്രമേ ഇവിടെ റിലീസാകൂ. ബാക്കി വന്ന മലയാള ചിത്രങ്ങൾ മഴക്കാലത്ത് ആഴ്ചയ്ക്ക് പത്തെണ്ണം എന്ന നിലയിൽ റിലീസ് ചെയ്യാം. ഖൽബ് എന്ന ചിത്രം ഈ പ്രതിസന്ധി കടന്ന് നാളെ കളിക്കും.

എന്നാൽ സിനിമാ രംഗത്തെ സംഘടനകളോട് ഒരു അഭ്യർത്ഥനയുണ്ട്. ഒന്ന് ഉണരൂ, ഇവിടെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ദയവായി ശ്രദ്ധിക്കൂ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ഒറിജിനൽ മലയാള ചിത്രമാണ് ക്രിസ്തുമസിന് റിലീസ് ചെയ്തതത്.