bengal

ചെന്നൈ: എട്ട് വർഷം മുമ്പ് 29 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ. 32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി.

ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്. വിമാനം കാണാതായ സ്ഥാനത്ത് തന്നെയാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

ഈ മേഖലയിൽ മുമ്പ് വിമാനങ്ങളൊന്നും കാണാതായിട്ടില്ല. അതിനാൽ അവശിഷ്ടങ്ങൾ ഇന്ത്യൻ വിമാനത്തിന്റേത് തന്നെയാണെന്നാണ് വിലയിരുത്തൽ.

എട്ട് സിവിലിയന്മാരും ജീവനക്കാരും വ്യോമസേനാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

2016 ജൂലായ് 22 ന് ചെന്നൈയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. രാവിലെ 8ന് താംബരം എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ടേക്കോഫ് ചെയ്‌ത വിമാനം 11. 45ന് പോർട്ട് ബ്ലെയറിലെ ഐ. എൻ. എസ് ഉത്ക്രോഷ് നേവൽ എയർസ്റ്റേഷനിൽ ഇറങ്ങേണ്ടതായിരുന്നു. ടേക്കോഫ് ചെയ്ത് 16 മിനിട്ടിൽ എല്ലാം നോർമൽ എന്ന പൈലറ്റിന്റെ സന്ദേശം എത്തി. അത് അവസാന സന്ദേശം ആയിരുന്നു.പൊടുന്നനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 23,​000 അടി ഉയരത്തിൽ പറന്ന വിമാനം താഴേക്ക് പതിച്ച് 9.12ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി.

ഏറ്റവും വലിയ തെരച്ചിൽ

കാണാതായ ഒരു വിമാനത്തിനായി ഇന്ത്യൻ വ്യോമ,​ നാവിക സേനകൾ നടത്തിയ ഏറ്റവും വലിയ തെരച്ചിൽ. നേവിയുടെ ഡോർണിയർ വിമാനവും പതിനൊന്ന് കപ്പലുകളും പങ്കെടുത്തു. സഹ്യാദ്രി,​ രജപുട്ട്,​ രൺവിജയ്,​ കമോർത്ത,​ കിർച്ച്,​കോറ,​ കുത്തർ,​ ശക്തി,​ ജ്യോതി,​ ഘരിയാൽ,​ ഗായത്രി എന്നീ കപ്പലുകളെ വിന്യസിച്ചു. 2016 സെപ്‌തംബർ 15ന് തെരച്ചിൽ അവസാനിപ്പിച്ചു. വിമാനം കണ്ടെത്താനായില്ലെന്നും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി കരുതുന്നതായും കുടുംബാംഗങ്ങളെ അറിയിച്ചു.

കണ്ടെത്തിയത് ആഴക്കടൽ പേടകം

ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി വികസിപ്പിച്ച ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിൾ ( എ. യു. വി )​ ആണ് ഇപ്പോൾ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. 3400 മീറ്റർ ആഴത്തിൽ ശബ്ദതരംഗങ്ങളും ഹൈ റെസലൂഷൻ ഫോട്ടോഗ്രാഫിയും ഉപയോഗിക്കുന്ന സോണാർ ( സൗണ്ട് ആൻഡ് നാവിഗേഷൻ റേഞ്ചിംഗ് )​ ഉപകരണമാണ് അവശിഷ്ടങ്ങൾ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്.

പിഴവുകൾ

തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ അണ്ടർ വാട്ടർ ലൊക്കേറ്റർ ബീക്കൺ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായാൽ സ്വയം പ്രവർത്തിക്കുന്ന ഈ ഉപകരണം ഒരു മാസം വരെ നിശ്ചിത ഫ്രീക്വൻസിയിലുള്ള ഇലക്ട്രോണിക് സിഗ്നലുകൾ പുറപ്പെടുവിക്കും. തെരച്ചിൽ നടത്തുന്ന കപ്പലുകൾക്ക് ഈ സിഗ്നലുകൾ പിടിച്ചെടുത്ത് രക്ഷാപ്രവർത്തനം നടത്താം. സിവിലിയൻ വിമാനങ്ങളിലും ഈ ഉപകരണമുണ്ട്.