ao

മെൽബൺ: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന്റെ 112-ാം പതിപ്പിന് നാളെ തുടക്കമാകും. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പൺ ഞായറാഴ്ച തുടങ്ങുന്നത്. സെർബ് സെൻസേഷൻ നൊവാക് ജോക്കോവിച്ച് ബെലറൂസ് സൂപ്പ‌ർ താരം ആര്യാന സബലെങ്ക എന്നിവരാണ് നിലവിലെ സിംഗിൾസ് ചാമ്പ്യൻമാർ. സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ പരിക്കിനെത്തുടർന്ന് അവസാന നിമിഷം ടൂർണമെന്റിൽ നിന്ന് പിന്മാറി. മറ്റൊരു സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകരാസ്,​ റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവ് എന്നിവരാണ് ജോക്കോവിച്ചിനൊപ്പം കിരീടം നേടുന്നതാരെന്ന വിലയിരുത്തലുകളിൽ മുൻപന്തിയിൽ ഉള്ളത്. പതിനൊന്നാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണ് നിലവിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ സ്വന്തമാക്കിയിട്ടുള്ല നൊവാക്ക് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. വനിതകളിൽ സബലെങ്കയ്ക്കൊപ്പം ഇഗ സ്വിയാറ്റക്,​ ബ്രിസ്ബേൺ വിന്നർ ഏലേന റൈബാക്കിന എന്നിവരാണ് ഫേവറിറ്റുകൾ.

ഇന്ത്യൻ സമയം വെളുപ്പിന് 5.30 മുതലാണ് മത്സരം. ആദ്യ ദിനം നൊവാക്ക് ജോക്കോവിച്ച്, മാരൽ ചിലിച്ച്, ജോൺ ഇസ്നർ, ആര്യാനസബലെങ്ക, കരോളിൻ വൊസ്‌നിയാക്കി എന്നിവരെല്ലാം കളത്തിലിറങ്ങുന്നുണ്ട്.

സമ്മാനത്തുക കൂട്ടി

സമ്മാനത്തുകയിൽ 13.07ശതമാനം വർദ്ധന ഇത്തവണയുണ്ട്. 86,500,00 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 479 കോടി 36 ലക്ഷം രൂപ) ആണ് ആകെ സമ്മാനത്തുക. 31,50,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 17 കോടി 49 ലക്ഷം രൂപ) ആണ് സിംഗിൾസ് ചാമ്പ്യന്മാർക്ക് ലഭിക്കുക.

ലൈവ്

സോണി ചാനലുകളിലും സോണി ലിവിലും