
ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം. ജനുവരി 22ന് നടക്കുന്ന പരിപാടിയില്‍ നിന്ന് മാത്രമാകും വിട്ടുനില്‍ക്കുകയെന്നാണ് നേതൃത്വം പറയുന്നത്. മറ്റേത് ദിവസവും ക്ഷേത്രത്തില്‍ പോകാമെന്നും ജനുവരി 15ന് മകരസംക്രാന്തി ദിനത്തില്‍ യുപി ഘടകം ക്ഷേത്ര ദര്‍ശനം നടത്തുമെന്നുമാണ് വിശദീകരണം.
പാര്‍ട്ടിക്കല്ല മറിച്ച് വ്യക്തികള്‍ക്കാണ് ക്ഷണം ലഭിച്ചതെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ബിജെപി - ആര്‍എസ്എസ് പരിപാടിയാണ് ജനുവരി 22ന് നടക്കുന്നതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത്.
അതേസമയം താന്‍ എപ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേചത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം താന്‍ അയോദ്ധ്യ സന്ദര്‍ശിക്കുമെന്നാണ് തിരുവനന്തപുരം എംപി പറഞ്ഞത്. അയോദ്ധ്യയില്‍ 22ന് നടക്കുന്ന ചടങ്ങ് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും തരൂര്‍ വിമര്‍ശിച്ചു.
ബിജെപി അയോദ്ധ്യയെ രാഷ്ട്രീയവത്കരിച്ചുകാണിക്കുകയാണ്. താനുള്‍പ്പെടെയുള്ള ആളുകള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ പറഞ്ഞു.