16 ഹൂതി കേന്ദ്രങ്ങളിൽ 73 വ്യോമാക്രമണങ്ങൾ
 അഞ്ച് മരണം, തിരിച്ചടിക്കുമെന്ന് ഹൂതികൾ
സനാ : ചെങ്കടലിലെ കപ്പലുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഹൂതി വിമതരെ യെമനിൽ കടന്നാക്രമിച്ച് യു.എസും യു.കെയും സഖ്യകക്ഷികളും. ഗാസയിലെ ഹമാസ് - ഇസ്രയേൽ സംഘർഷം നാളെ നൂറ് ദിവസം തികയാനിരിക്കെയാണ് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഹൂതികളുമായി തുറന്ന പോരാട്ടം.
2016ന് ശേഷം യെമനിൽ യു.എസിന്റെ ആദ്യ ആക്രമണമാണിത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈതി മുന്നറിയിപ്പ് നൽകി. തങ്ങളുടെ അഞ്ച് പേർ കൊല്ലപ്പെട്ടതായും ആറ് പേർക്ക് പരിക്കേറ്റതായും ഹൂതികൾ അറിയിച്ചു. യു.എസ് - യു.കെ ആക്രമണത്തെ ഇറാൻ അപലപിച്ചു.
ഇന്നലെ പുലർച്ചെയോടെ യു.എസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ തൊടുത്ത മിസൈലുകൾ യെമനിലെ 16 ഹൂതി കേന്ദ്രങ്ങൾ തകർത്തു. 73 വ്യോമാക്രമണങ്ങളാണ് നടന്നത്. അമേരിക്ക ജി,. പി. എസ് നിയന്ത്രിത ടോമാഹാക്ക് ക്രൂസ് മിസൈലുകൾ ഉൾപ്പെടെ നൂറിലേറെ മാരക ആയുധങ്ങൾ പ്രയോഗിച്ചു. യെമന്റെ തലസ്ഥാനമായ സനാ, ടൈസ്, ഹാജ എന്നിവിടങ്ങളിലെ ഹൂതി സൈനിക കേന്ദ്രങ്ങളിലും ചെങ്കടലിലെ ഹൂതി നാവിക താവളമായ ഹൊദൈദയിലും സ്ഫോടനങ്ങളുണ്ടായി. ഹൂതികളുടെ റഡാർ ശൃംഖലയും ഡ്രോൺ, മിസൈൽ സംഭരണ, വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളും തകർത്തതായി പെന്റഗൺ അവകാശപ്പെട്ടു. നിരവധി ഹൂതി കേന്ദ്രങ്ങൾ തങ്ങൾ തകർത്തതായി ബ്രിട്ടനും പറഞ്ഞു. ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, ജർമ്മനി തുടങ്ങിയ സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് ആക്രമണം.
ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകളെ ആക്രമിച്ചത്. ആദ്യം ഇസ്രയേൽ ബന്ധമുള്ള കപ്പലുകളായിരുന്നു ഉന്നം. പിന്നീട് അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്കും പാശ്ചാത്യ യുദ്ധക്കപ്പലുകൾക്കും ഹൂതി മിസൈലുകളും ഡ്രോണുകളും ഭീഷണിയായി.
കഴിഞ്ഞ ചൊവ്വാഴ്ച ചെങ്കടലിൽ യുദ്ധക്കപ്പലുകൾക്ക് നേരെ പ്രയോഗിച്ച 21 മിസൈലുകളും ഡ്രോണുകളും യു.എസും യു.കെയും വെടിവച്ചിട്ടിരുന്നു.
ഇതിനിടെ, എണ്ണവില നാല് ശതമാനം ഉയർന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 80.55 ഡോളറിലെത്തി.
ഭീതിയിൽ യെമൻ
വർഷങ്ങളായുള്ള ആഭ്യന്തര സംഘർഷങ്ങൾ മൂലം ദാരിദ്ര്യത്തിലേക്ക് വീണ യെമനിലെ ജനങ്ങൾ ഭീതിയിലാണ്. പുതിയ സംഘർഷം ഭയന്ന് പെട്രോൾ പമ്പുകൾക്കും ഭക്ഷ്യ കേന്ദ്രങ്ങൾക്കും മുന്നിൽ വൻ തിരക്കാണ്.
ഹൂതികൾ
യെമനിലെ ഷിയാ ന്യൂനപക്ഷമായ സെയ്ദികളുടെ ഉപവിഭാഗത്തിന്റെ സായുധ സംഘം
 1990കളിൽ അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അഴിമതിക്കെതിരെ രൂപീകരിച്ചു
 സൗദി പിന്തുണയോടെ സാലിഹ് 2003ൽ ഹൂതികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
 യെമൻ സർക്കാരിനെതിരെ 2014 മുതൽ ആഭ്യന്തര യുദ്ധത്തിൽ
അറബ് കൂട്ടായ്മ ഹൂതികൾക്കെതിരെ സർക്കാരിനെ പിന്തുണയ്‌ക്കുന്നു
 യു.എസിനും പങ്കാളികൾക്കും നേരെയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല.
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
 ഹൂതികൾ മുന്നറിയിപ്പുകൾ അവഗണിച്ചു. കപ്പൽ ഗതാഗതം സംരക്ഷിക്കാൻ ആക്രമണം അനിവാര്യമായിരുന്നു.
- ഋഷി സുനക്, ബ്രിട്ടീഷ് പ്രധാനമന്ത്രി
 തിരിച്ചടിക്കും. കപ്പലുകളെ ഇനിയും ആക്രമിക്കും. ഇസ്രയേലിനെതിരെ ഗാസയ്‌ക്ക് പിന്തുണ തുടരും.
- ഹൂതികൾ