
ഹേഗ് : ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ( ഐ.സി.ജെ ) ദക്ഷിണാഫ്രിക്ക നൽകിയ കേസിന്റെ രണ്ടു ദിവസം നീണ്ട വാദം പൂർത്തിയായി. ദക്ഷിണാഫ്രിക്ക സത്യത്തെ വളച്ചൊടിച്ചെന്നും ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തെക്കുറിച്ച് അവർ അവതരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇസ്രയേൽ കോടതിയിൽ വാദിച്ചു.
വംശഹത്യ ആരോപണങ്ങൾ തള്ളിയ ഇസ്രയേൽ ദക്ഷിണാഫ്രിക്കയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. ഒക്ടോബർ 7ന് തങ്ങളുടെ രാജ്യത്തുണ്ടായ ഭീകരാക്രമണത്തെ ദക്ഷിണാഫ്രിക്ക അവഗണിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ട്. ഗാസയിൽ മരണം കൂടാൻ കാരണം ഹമാസാണ്.
തങ്ങൾ ആശുപത്രികളിൽ ബോംബാക്രമണം നടത്തിയിട്ടില്ല. മാനുഷിക സഹായങ്ങൾ നൽകിയെന്നും ഇസ്രയേലിന്റെ പ്രതിനിധികൾ വാദിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചിരുന്നു. അതേ സമയം, ദക്ഷിണാഫ്രിക്കയുടേത് കാപട്യമാണെന്നും ഹമാസിന്റെ പങ്കാളികൾ സിറിയയിലും യെമനിലും നടത്തുന്ന അതിക്രമങ്ങളോട് പ്രതികരിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു.
ആക്രമണം നിറുത്തിവയ്ക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്നുള്ള ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന ഉൾപ്പെടെ സാദ്ധ്യമായ അടിയന്തര നടപടികളിൽ കോടതി ഈ മാസം അവസാനം വിധി പറഞ്ഞേക്കും. എന്നാൽ വംശഹത്യ ആരോപണങ്ങളിലെ അന്തിമവിധിക്ക് വർഷങ്ങൾ വേണ്ടിവന്നേക്കാം.
ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയാണ് ഐ.സി.ജെ. ഐ.സി.ജെയുടെ വിധികൾ ഇസ്രയേലും ദക്ഷിണാഫ്രിക്കയും അടക്കമുള്ള കക്ഷികളിൽ നിയമസാധുതയുണ്ടെങ്കിലും അവ നിർബന്ധിച്ച് നടപ്പാക്കാനാകില്ല. അതേ സമയം, 130ലേറെ ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇതുവരെ 23,700ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
ദക്ഷിണാഫ്രിക്കയുടെ വാദം
ഗാസയിൽ ഇസ്രയേൽ പാലസ്തീനികളെ വംശഹത്യ ചെയ്യുന്നു
ഇസ്രയേലിന്റെ സൈനിക നടപടി നിറുത്താൻ ഉത്തരവിടണം
1948ലെ വംശഹത്യ കൺവെൻഷന്റെ ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്
ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നു