
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ആളപായമോ പരിക്കോ ഇല്ല. ഇന്നലെ വൈകിട്ട് കൃഷ്ണഗതി സെക്ടറിൽ ഒരു കുന്നിൻ പ്രദേശത്ത് നിന്ന് സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ രക്ഷപ്പെട്ടു. സ്ഥലത്ത് തിരച്ചിൽ തുടരുന്നു.
പൂഞ്ച്, രജൗരി മേഖലയിൽ അടുത്തിടെ വർദ്ധിച്ച ഭീകരാക്രമണം സംബന്ധിച്ച ചർച്ചകൾക്കായി നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ആക്രമണം.
പൂഞ്ചിലെ ദേരാ കി ഗലിയിൽ നാല് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമുള്ള ആക്രമണമാണിത്. അന്ന് ആക്രമണം നടന്നിടത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്നലത്തെ സംഭവം.
2003 മുതൽ 2021 ഒക്‌ടോബർ വരെ സമാധാനാന്തരീക്ഷം നിലനിന്ന രജൗരി, പൂഞ്ച് മേഖലയിൽ ഭീകരാക്രമണം വർദ്ധിക്കുന്നതിലുള്ള ആശങ്ക കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു.
7 മാസത്തിനിടെ കൊല്ലപ്പെട്ടത് - 20 സൈനികർ ( ഓഫീസർമാരും കമാൻഡോകളും ഉൾപ്പെടെ )
2 വർഷത്തിനിടെ കൊല്ലപ്പെട്ടത് - 35 സൈനികർ
ഭൂപ്രകൃതി നിർണായകം
ഇന്നലെ ചർച്ചയ്‌ക്കെത്തിയ ലെഫ്‌റ്റനന്റ് ജനറൽ ഉപേന്ദ്ര സുരക്ഷാ സേനയിലെ റോമിയോ, ഡെൽറ്റ, എയ്‌സ് ഒഫ് സ്‌പേഡ്സ് വിഭാഗങ്ങളിലെ അംഗങ്ങളുമായി ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ വിലയിരുത്തി. വനപ്രദേശം അടക്കം ഭൂപ്രകൃതിയെക്കുറിച്ച് സേനാംഗങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.