
ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ആളപായമോ പരിക്കോ ഇല്ല. ഇന്ന് വൈകിട്ട് കൃഷ്ണഗതി സെക്ടറിൽ ഒരു കുന്നിൻ പ്രദേശത്ത് നിന്ന് സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ രക്ഷപ്പെട്ടു. സ്ഥലത്ത് തെരച്ചിൽ തുടരുന്നു.
പൂഞ്ച്, രജൗരി മേഖലയിൽ അടുത്തിടെ വർദ്ധിച്ച ഭീകരാക്രമണം സംബന്ധിച്ച ചർച്ചകൾക്കായി നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ആക്രമണം. പൂഞ്ചിലെ ദേരാ കി ഗലിയിൽ നാല് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമുള്ള ആക്രമണമാണിത്. അന്ന് ആക്രമണം നടന്നിടത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്നത്തെ സംഭവം.
പാകിസ്ഥാന്റെ ഒത്താശയോടെ അഞ്ചാറ് മാസമായി രജൗരി- പൂഞ്ച് മേഖലയിൽ ഭീകരർ വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മു കാശ്മീരിലെ രജൗരിയിലും പൂഞ്ചിലും ഭീകര പ്രവർത്തനം വർദ്ധിച്ചതിൽ പാകിസ്ഥാന്റെ പിന്തുണയുണ്ട്. നിയന്ത്രണരേഖയിൽ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കാശ്മീരിൽ ഭീകരത ഇല്ലാതാക്കി 2017-18ഒാടെ സമാധാനം പുനഃസ്ഥാപിച്ചതാണ്. ആ സമാധാനം തകർക്കാൻ എതിരാളികൾ നിഴൽ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ഇന്റലിജൻസ് ശക്തമാക്കി. പൊലീസും സൈന്യവുമായുള്ള ഏകോപനവും മെച്ചപ്പെടുത്തി. ഭീകരർക്കെതിരെ നാട്ടുകാരെ വിശ്വാസത്തിലെടുക്കാനും മനുഷ്യാവകാശലംഘനങ്ങൾ ഒഴിവാക്കാനും ശ്രമിക്കുന്നു. സേനകളെ നന്നായി വിന്യസിക്കും. ചില യൂണിറ്റുകൾ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു, .