
ബെംഗളൂരു: കര്‍ണാടകയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍. ചിക്ബല്ലാപൂരിലാണ് സംഭവം നടന്നത്. വിഷയത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
എന്നാല്‍ കുട്ടി മിക്കവാറും ദിവസങ്ങളില്‍ ഒരു ബന്ധുവീട്ടിലേക്ക് പോകുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റില്‍ വയറ് വേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നില്ല. ഒരു വര്‍ഷം മുമ്പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നത്. അതേ സ്‌കൂളില്‍ പഠിച്ചിരുന്ന പത്താം ക്ലാസിലെ ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടക്ക് അടുപ്പമുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ ആണ്‍കുട്ടി സ്‌കൂളില്‍ നിന്ന് ടി.സി വാങ്ങി ബെംഗളൂരുവിലേക്ക് പോയി. ഈ വിദ്യാര്‍ത്ഥിക്ക് വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പെണ്‍കുട്ടി ബാഗേപ്പള്ളിയിലെ വീട്ടിലാണ് കഴിഞ്ഞ ഏതാനം മാസങ്ങളായി കഴിയുന്നതെന്നും ഹോസ്റ്റലിലേക്ക് വരാറില്ലായിരുന്നുവെന്നുമാണ് സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പറയുന്നത്.
വയറ് വേദന കൂടുതലായപ്പോള്‍ അടുത്തിടെ ആശുപത്രിയില്‍ പോയി നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.