pic

ബ്രസീലിയ: ബ്രസീലിലെ ഒരു ദ്വീപിലെ കുന്നിൻ മുകളിൽ പ്രത്യക്ഷപ്പെട്ട മനുഷ്യരെപ്പോലെ തോന്നിക്കുന്ന രണ്ട് വിചിത്ര രൂപങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വീഡിയോയിലുള്ളത് അന്യഗ്രഹ ജീവികളാണെന്ന തരത്തിലാണ് പ്രചാരണം. ഏകദേശം 10 അടി ഉയരമുണ്ടെന്ന് കരുതുന്ന രൂപങ്ങൾ തെക്കുകിഴക്കൻ ബ്രസീലിയൻ തീരത്ത് നിന്ന് മൂന്ന് കിലോമീ​റ്റർ അകലെ പരാന സംസ്ഥാനത്തിന്റെ ഭാഗമായ ഇൽഹ ഡോ മെൽ എന്ന ദ്വീപിലാണ് കണ്ടെത്തിയത്.

രൂപങ്ങളിൽ ഒന്ന് കുന്നിൻ മുകളിൽ അറ്റത്തായും മറ്റൊന്ന് അല്പം മാറി സമീപത്ത് തന്നെയുമാണുള്ളത്. അതേ സമയം, ഈ മേഖലയിലേക്ക് എത്തിപ്പെടാൻ വളരെ പ്രയാസമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ ഹൈക്കിംഗിനെത്തിയ ചിലരാണ് വീഡിയോ പകർത്തിയത്. കൈകളുടെ ചലനങ്ങൾ മനുഷ്യരുടേത് പോലെയാണ്. എന്നാൽ അവർ മനുഷ്യരല്ലെന്ന് കരുതുന്നതായി വീഡിയോ പകർത്തിയവർ പറയുന്നു.

രൂപങ്ങളിൽ ഒന്ന് കുന്നിന് മുകളിൽ നിന്ന് താഴെയുള്ള ചെരുവിലേക്ക് വേഗത്തിൽ ഇറങ്ങുന്നതും കാണാം. ഈ കുന്നുകളിൽ കയറുന്ന ആർക്കും വീഡിയോയിലെ രൂപത്തെ പോലെ വേഗത്തിൽ 1 - 2 മിനിറ്റിനുള്ളിൽ താഴെ എത്താൻ സാധിക്കില്ലെന്നും പറയുന്നു. പരാന ഭരണകൂടവും വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

അതേ സമയം, വീഡിയോയിലുള്ള ജീവികൾ മനുഷ്യർ തന്നെയാകാമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. വീഡിയോയിലുള്ള രൂപങ്ങളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ഒന്നുകിൽ ബോധപൂർവം തയാറാക്കിയ തട്ടിപ്പായിരിക്കാം വീഡിയോ എന്നും അല്ലെങ്കിൽ ഏതെങ്കിലും വിനോദ സഞ്ചാരികൾ ആകാമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നു.