
ഗുരുവായൂർ: നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂരിൽ 17ന് രാവിലെ ആറ് മുതൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തും. രാവിലെ 5 മുതൽ വിവാഹം ബുക്ക് ചെയ്ത സംഘങ്ങൾക്ക് പാസ് നൽകി നിയന്ത്രണമേർപ്പെടുത്തും. ആറിനും ഒമ്പതിനും ഇടയിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ രാവിലെ ആറിന് മുമ്പോ ഒമ്പതിന് ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാർട്ടികൾക്ക് നിർദ്ദേശം നൽകി. അന്നേദിവസം 66 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്.
17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർമാർഗം ഗുരുവായൂരിലേക്ക് പുറപ്പെടും. 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 8.15ന് ക്ഷേത്രദർശനത്തിനായി ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങും. 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷച്ചുമതലയുള്ള എസ്.പി.ജി ഉദ്യോഗസ്ഥർ നാളെ ഗുരുവായൂരിലെത്തി ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സുരക്ഷാക്രമീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. നഗരത്തിൽ രാവിലെ ആറ് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. ചൂണ്ടൽ മുതൽ ഗുരുവായൂർ ക്ഷേത്രനട വരെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.