
തൊടിയൂർ: ദമ്പതികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ജമാഅത്ത് ഭാരവാഹികളും ബന്ധുക്കളും ചേർന്ന് നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ ചവിട്ടേറ്റ് വീണ തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
പാലോലിക്കുളങ്ങര ജമാഅത്തിൽപ്പെട്ട യുവാവും കോയിവിള ജമാഅത്ത് അംഗമായ ഭാര്യയും ഏറെ നാളായി തർക്കത്തിലായിരുന്നു. യുവതി അവരുടെ വീട്ടിലായിരുന്നു താമസം. വിഷയം ചർച്ചചെയ്ത് പരിഹരിക്കാൻ ഇരു ജമാഅത്ത് കമ്മിറ്റികളും ദമ്പതികളുടെ ബന്ധുക്കളും ഇന്നലെ വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ചർച്ച നടത്തുന്നതിനിടെയാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെ സലീം മണ്ണേൽ ചവിട്ടേറ്റ് നിലംപതിച്ചു. ഒപ്പമുണ്ടായിരുന്നവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ യാത്രാമദ്ധ്യേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കരുനാഗപ്പള്ളി സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
റെയിൽവേ കോൺട്രാക്ടറായ സലീം മണ്ണേൽ സി.പി.എം ഇടക്കുളങ്ങര ബ്രാഞ്ച് അംഗം, പാലോലിക്കുളങ്ങര ജമാഅത്ത് യൂണിയൻ പ്രസിഡന്റ്, കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയാണ് ഭാര്യ. മക്കൾ: സജിൻ, ജിബിൻ (സൗദി). മരുമക്കൾ: ഷബ്‌ന, തസ്നി.