
പ്യോഗ്യാംഗ്: 2020ന്റെ തുടക്കത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചതിന് ശേഷം ഉത്തര കൊറിയയിലേക്ക് ആദ്യമായി വിനോദ സഞ്ചാരികളെത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപന സമയത്ത് ലോകത്തെ ഏറ്റവും കർശനമായ അതിർത്തി നിയന്ത്രണങ്ങളാണ് ഉത്തര കൊറിയ ഏർപ്പെടുത്തിയത്. ഇപ്പോഴും പൂർണ്ണമായും വിദേശികൾക്കായി തുറന്നിട്ടില്ല.
ഉത്തര കൊറിയൻ അതിർത്തിയോട് ചേർന്നുള്ള റഷ്യയിലെ വിദൂര കിഴക്കൻ മേഖലയായ പ്രിമോർസ്‌കി ക്രെയുടെ ഗവർണർ ഡിസംബറിൽ പ്യോഗ്യാംഗിൽ സന്ദർശനം നടത്തിയെന്നും ചർച്ചകൾക്കിടെ വിനോദ സഞ്ചാരികളുടെ പ്രവേശനം സംബന്ധിച്ച് ധാരണയിലെത്തിയെന്നുമാണ് വിവരം. മേഖലയിലെ പ്രാദേശിക ഭരണകൂടം ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വ്ലാഡിവോസ്റ്റോക്ക് ആസ്ഥാനമായുള്ള ഒരു ഏജൻസി വഴിയാണ് യാത്രകൾ. നാല് ദിവസത്തെ ടൂർ ഫെബ്രുവരി 9ന് ആരംഭിക്കുമെന്നും സഞ്ചാരികൾക്ക് ഉത്തര കൊറിയയിലെ സ്‌കീ റിസോർട്ട് സന്ദർശിക്കാൻ അവസരമുണ്ടെന്നും ഏജൻസി പുറത്തുവിട്ട ഓൺലൈൻ പരസ്യത്തിൽ പറയുന്നു.
പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തിൽ റഷ്യൻ സന്ദർശകർക്ക് ഉത്തര കൊറിയ അനുമതി നൽകിയതായി ചൈനയിലെ ഒരു ട്രാവൽ ഏജൻസിയും പറയുന്നു. ഉത്തര കൊറിയയിലുള്ള തങ്ങളുടെ പങ്കാളികളിൽ നിന്നാണ് ഇക്കാര്യമറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സെപ്തംബറിൽ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിന് ഇരുവരും ധാരണയെത്തിയിരുന്നു.