pic

കാൻബെറ: പൊതുവെ നിരുപദ്രവകാരികളാണ് വവ്വാലുകൾ. ഹോറർ കഥകളിലൊക്കെ പ്രേതങ്ങളുടെ പ്രതീകമായൊക്കെ വവ്വാലുകളെ അവതരിപ്പിച്ചിട്ടുണ്ട്. രക്തമൂറ്റിക്കുടിക്കുന്ന സാങ്കല്പിക കഥാപാത്രങ്ങളായ വാംപയറുകളുടെ പ്രതീകമായും ഗോഥിക് സാഹിത്യത്തിലൊക്കെ വവ്വാലുകളെ കാണാം. വവ്വാലുകളാകട്ടെ ശരിക്കും പാവത്താൻമാരാണ്. എന്നാൽ കൊവിഡ്,​ നിപ തുടങ്ങിയ രോഗങ്ങൾ മനുഷ്യരെ വിറപ്പിച്ചതോടെ വവ്വാലുകളെ മിക്കപ്പോഴും ഭയത്തോടെയാണ് പലരും കാണുന്നത്. വവ്വാലുകളിലെ ചില വൈറസുകളാണ് മനുഷ്യർക്ക് വിനയാകുന്നത്.

ഏതായാലും ഓസ്ട്രേലിയയിലെ അതെർട്ടണിലുള്ള ടോൾഗ ബാറ്റ് ഹോസ്‌പിറ്റലിലേക്ക് ചെന്നാൽ ഇതൊന്നുമല്ല സ്ഥിതി. ഇവിടെ വവ്വാൽ കുഞ്ഞുങ്ങളെ ടവ്വലുകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നതും അവയ്‌ക്ക് ആഹാരം നൽകുന്നതുമൊക്കെ കാണാം. ഇവിടുത്തെ ജീവനക്കാർ കൊച്ചുകുഞ്ഞുങ്ങളെ പോലെയാണ് വവ്വാലുകളെ നോക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വവ്വാൽ കുഞ്ഞുങ്ങളെയാണ് ടോൾഗ ബാറ്റ് ഹോസ്‌പിറ്റലിൽ പരിചരിക്കുന്നത്. പഴംതീനി വവ്വാലുകൾ മുതൽ ഭീമൻ ഫ്ലൈയിംഗ് ഫോക്സസിനെ വരെ ഇവിടെ കാണാം.

വിവിധ രോഗങ്ങളെ തുടർന്നോ അല്ലെങ്കിൽ അപകടങ്ങൾ മൂലമോ വവ്വാലുകൾ ചത്തുപോകുന്നത് വഴി വർഷത്തിൽ നൂറുകണക്കിന് വവ്വാൽ കുഞ്ഞുങ്ങളാണ് അതെർട്ടണിൽ അനാഥരാകുന്നത്. ഇത്തരം കുഞ്ഞു വവ്വാലുകളെ പൂർണ വളർച്ച കൈവരിക്കുന്നതുവരെ ഈ ആശുപത്രിയിൽ പരിചരിക്കും.

ഉപേക്ഷിക്കപ്പെട്ടതോ പരിക്കേറ്റതോ ആയ നിലയിൽ കണ്ടെത്തുന്ന വവ്വാലുകളെ ഇവിടത്തെ വോളന്റിയർമാർ പരിചരിക്കുകയും ആരോഗ്യം കൈവരിക്കുമ്പോൾ അവയെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.

വംശനാശ ഭീഷണി നേരിടുന്നതുൾപ്പെടെയുള്ള നിരവധി വവ്വാൽ സ്‌പീഷീസുകളെ പാർപ്പിച്ചിരിക്കുന്ന ഒരു സംരക്ഷണ കേന്ദ്രവും ഹോസ്‌പിറ്റലിന് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വവ്വാലുകളെയാണ് ഇവിടെ പ്രതിവർഷം ചികിത്സിക്കുന്നത്. വവ്വാലുകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടോൾഗ ബാറ്റ് ഹോസ്‌പിറ്റൽ സ്ഥാപിച്ചത്. വവ്വാലുകളെ പറ്റിയുള്ള ഗവേഷണ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും ഇവിടെ അവസരമുണ്ട്.