pic

വാഷിംഗ്ടൺ : താൻ പ്രസിഡന്റായാൽ ആരെയാണ് വൈസ് പ്രസിഡന്റാക്കേണ്ടതെന്ന് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിലാണ് ട്രംപ്. അയോവയിൽ ഫോക്സ് ന്യൂസ് സംവാദത്തിൽ പങ്കെടുക്കവെയാണ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

നിലവിൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിത്വത്തിനുള്ള സർവേകളിൽ ട്രംപ് ബഹുദൂരം മുന്നിലാണ്. പാർട്ടിയിൽ നാമനിർദ്ദേശത്തിനായി തനിക്കെതിരെ മത്സരിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാൻ താൻ തയ്യാറായിരുന്നെന്നും ട്രംപ് സൂചിപ്പിച്ചു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​ സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി,​ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവരാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന മറ്റ് പ്രമുഖർ.

അതേ സമയം, ജോർജിയയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം മെജോറി ടെയ്‌ലർ ഗ്രീൻ, ടെന്നസിയിൽ നിന്നുള്ള സെനറ്റർ മാർഷ ബ്ലാക്ക്ബേൺ, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം, ബയേൺ ഡൊണാൾഡ്സ്, നാൻസി മെയ്സ്, കാരി ലേക്ക്, വിവേക് രാമസ്വാമി എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളവരായി കണക്കാക്കുന്നു. ഒരു വനിതയെ ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചേക്കുമെന്നും മറിച്ച് പ്രസിഡൻഷ്യൽ ഉൾപാർട്ടി പോരിൽ നിന്ന് പിന്മാറിയ ക്രിസ് ക്രിസ്റ്റിയെ തിരഞ്ഞെടുക്കുമെന്നും സംസാരമുണ്ട്. ന്യൂജേഴ്സിയിലെ മുൻ ഗവർണറാണ് ക്രിസ്റ്റി.