
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിക്കാതെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. 'വിഷയത്തിൽ എനക്കൊന്നും അറിഞ്ഞൂട' എന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസോ മറ്റ് സി പി എം പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലമാണ് വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു.
രജിസ്ട്രാര്‍ ഒഫ് കമ്പനീസ് ബംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കമ്പനിക്കെതിരെ തെളിവുകൾ ലഭിച്ചതോടെയാണ്. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലം വിശദമായ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുകൂടാതെ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംഘപരിവാർ, സിപിഎം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് കണ്ടറയിണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരിച്ചു. റിയാസിന്റെ നാവ് ഉപ്പിലിട്ടോയെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.