ayodhya

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി 10ദിവസങ്ങൾ മാത്രമാണുള്ളത്. ജനുവരി 22നാണ് രാജ്യം ഉറ്റുനോക്കുന്ന ആ ചടങ്ങ് നടക്കുക. ഈ ചടങ്ങിനായി വിദേശത്ത് നിന്നുപോലും നിരവധി വസ്തുക്കൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്ന് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിൽ നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലം കൊണ്ട് അഭിഷേകം നടത്തും. ജോധ്‌പുരിലെ കാമധേനു പശുവിന്റെ നെയ്യാണ് പ്രധാനമന്ത്രിയുടെ ആരതിക്ക് ഉപയോഗിക്കുക. ഇതിനായി 630 കിലോ നെയ്യാണ് ജോധ്പുരിൽ നിന്ന് കൊണ്ടുവന്നത്.

വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും പ്രാണപ്രതിഷ്ഠയ്ക്കായി സാധനങ്ങൾ അയോദ്ധ്യയിലേക്ക് കൊണ്ടുവരുന്നുണ്ട്. പ്രാണ പ്രതിഷ്ഠയ്ക്കായി സമർപ്പിക്കപ്പെടുന്ന വസ്തുക്കൾ കർസേവപുരത്തെ യജ്ഞശാലയിലാണ് സൂക്ഷിക്കുന്നത്. അഭിഷേകത്തിനുള്ള നേപ്പാളിലെ പുണ്യ നദികളിലെ ജലം 109 ചെമ്പുകുടങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 'ജയ്ശ്രീ റാം' എന്ന് ആലേഖനം ചെയ്ത 620 കിലോ ഭാരമുള്ള മണി തമിഴ്നാട്ടിൽ നിന്ന് എത്തിച്ചിട്ടുണ്ട്.

യുപിയിലെ ഇറ്റാഹില്‍ നിന്ന് 2,400 കിലോഗ്രാം ഭാരമുള്ള കൂറ്റൻ മണി എത്തിച്ചു. അഷ്ടധാതു' (എട്ട് ലോഹങ്ങൾ) കൊണ്ടാണ് ഈ മണി നിർമിച്ചത്. 25 ലക്ഷം രൂപയാണ് നിർമാണ ചെലവ്. മുപ്പത് തൊഴിലാളികൾ ചേർന്ന് സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി അടക്കമുള്ള എട്ട് ലോഹങ്ങൾ കൊണ്ടാണ് നിർമിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മണികളിൽ ഒന്നാണിതെന്ന പ്രത്യേകതയും ഉണ്ട്. വാത്മീകി മഹർഷിക്ക് ജ്ഞാനം സിദ്ധിച്ച അസമിൽ നിന്ന് തീർത്ഥജലവും എത്തിച്ചിട്ടുണ്ട്.