
പുരുഷൻമാരിൽ ബീജോൽപ്പാദനത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒരു ആയൂർവേദ ഘടകമാണ് ശിലാജിത്തെന്ന് എല്ലാവർക്കും സുപരിചിതമായ കാര്യമാണ്. ഇത് കഴിക്കുന്നതിലൂടെ പുരുഷൻമാരിൽ ബീജോൽപ്പാദനത്തിനും ലൈംഗികശേഷിക്കും സഹായിക്കുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപ്പാദനം വർദ്ധിക്കുമെന്നാണ് ആയൂർവേദത്തിൽ പറയപ്പെടുന്നത്.
മിക്കവരും ആയൂർവേദ കടകളിൽ നിന്നും ഓൺലൈൻ വഴിയും ശിലാജിത്ത് വാങ്ങിയുപയോഗിക്കാറുണ്ട്, എന്നാൽ അടുത്തിടെ സോഷ്യൽമീഡിയയിൽ വന്ന ഒരു വീഡിയോ വലിയ രീതിയിൽ വൈറലായി. പ്രമുഖ ഹെപ്പറ്റോളജിസ്റ്റായ ഡോ. സിറിയക് എബി ഫിലിപ്സിന്റേതാണ് വീഡിയോ. ശിലാജിത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ശിലാജിത്തിന്റെ ഉപയോഗം ഗുണം ചെയ്യില്ലെന്നും ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കില്ലെന്നുമാണ് സിറിയക് പറയുന്നത്. കൂടാതെ ഇതിന്റെ ഉപയോഗം പുരുഷൻമാരിൽ ഗുരുതര ആരോഗ്യ പ്രശന്ങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പുരുഷൻമാരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപ്പാദനം കൂട്ടുമെന്നും ഇതിലൂടെ അവരുടെ ലൈംഗികശേഷി വർദ്ധിപ്പിക്കുമെന്ന് ആയൂർവേദത്തിൽ പറയുന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ ഡോക്ടറുടെ വേഷമണിഞ്ഞ് എത്തുന്ന വ്യാജർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. ശേഷം അവർ നടത്തിയ വ്യാജപഠനങ്ങൾ കാണിച്ച് നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണ്'- സിറിയക് വീഡിയോയിൽ പറയുന്നു. പുറത്തുവരുന്ന വീഡിയോകളിൽ പല ഉപയോക്താക്കളുടെയും അനുഭവം കൂടി കാണുമ്പോൾ ഒട്ടുമിക്ക പുരുഷൻമാരും ശിലാജിത്ത് ഉപയോഗിക്കാൻ തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു. ജിമ്മിൽ പോകുന്നവർ ശിലാജിത്ത് ഉപയോഗിക്കുവാൻ പലർക്കും നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഇത് ഫലവത്താകില്ല. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും മോശമായി ബാധിക്കാൻ കാരണമാകും.
ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പല തരത്തിലുളള മാർഗങ്ങൾ നിലവിലുണ്ട്.ഹോർമോണിന്റെ കൗണ്ട് പരിശോധിച്ചതിന് ശേഷം കൃത്യമായ ചികിത്സ തേടുകയാണെങ്കിൽ പ്രതിവിധിയുണ്ടാകും. ശരീരത്തിൽ ഹോർമോണിന്റെ കുറവ് ഉണ്ടെങ്കിൽ വിവിധ തരത്തിലുളള തെറാപ്പികളും ഇന്ന് നിലവിലുണ്ട്. അതിലൂടെ പുരുഷൻമാർക്ക് ലൈംഗികശേഷി വർദ്ധിപ്പിക്കാവുന്നതാണ്. ഇത്തരത്തിലുളള തറാപ്പികൾ ചെയ്യുന്നതിലൂടെ പുരുഷൻമാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പിടിപെടാൻ സാദ്ധ്യതയുളള ക്യാൻസർ പോലുളള അവസ്ഥകൾ വരാനുളള സാദ്ധ്യത കുറയും.