
'വൈറ്റ് കോളർ' ജോലിയുള്ളവരേക്കാൾ സമ്പാദിക്കുന്ന തെരുവ് കച്ചവടക്കാരെക്കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ മുപ്പതിനായിരവും നാൽപ്പതിനായിരവും ശമ്പളം വാങ്ങുന്ന നിരവധി പേരുണ്ട്. എന്നാൽ ചില തെരുവ് കച്ചവടക്കാർ മാസം ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്.
അത്തരത്തിൽ ഒരു തട്ടുകടക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കച്ചവടക്കാരൻ ദോശയുണ്ടാക്കുന്നതിനിടെയാണ് വരുമാനത്തെക്കുറിച്ചും മറ്റും പറയുന്നത്. ആദ്യം തന്നെ ബട്ടർ പാക്കറ്റ് എടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നു. തുടർന്ന് തനിക്ക് ഇത് വായിക്കാനറിയില്ലെന്നും, വിദ്യാഭ്യാസമില്ലാത്തത് നന്നായെന്നുമാണ് വീഡിയോയുടെ തുടക്കത്തിൽ കച്ചവടക്കാരൻ പറയുന്നത്.
വിദ്യാഭ്യാസമില്ലാത്തതുകൊണ്ടും മാസത്തിൽ മുപ്പതിനായിരം തൊട്ട് നാൽപ്പതിനായിരം രൂപ വരെ ശമ്പളം തരുന്ന ഏതെങ്കിലും കോർപ്പറേറ്റ് ജോലിയിൽ പെട്ടുപോകാത്തതിനാലും കൂടുതൽ സമ്പാദിക്കാൻ സാധിക്കുന്നുണ്ടെന്നാണ് തട്ടുകടക്കാരൻ പറയുന്നത്. എന്നാൽ ഇദ്ദേഹം എത്ര രൂപയാണ് സമ്പാദിക്കുന്നതെന്ന് പറയുന്നില്ല.