
പ്രധാനമന്ത്രി പദവിയിൽ മൂന്നാമൂഴം തേടുകയാണ് നരേന്ദ്ര മോദി. ഹാട്രിക് എന്നത് അഭിമാന പ്രശ്‌നമാണ്. അതിലേക്കെത്തുക ലളിതമല്ലെന്നും മോദിക്കറിയാം. തുടർച്ചയായി ഭരിക്കുന്ന ഏതൊരു ഭരണകൂടത്തിനും ഭരണവിരുദ്ധ വികാരം മറികടക്കേണ്ടതുണ്ട്. മൂന്നാം വട്ടവും അധികാരം പിടിക്കണമെങ്കിൽ വിപുലമായ സന്നാഹങ്ങൾ വേണ്ടിവരും. അതിനാൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ബി.ജെ.പിയും മോദിയും. കേരളത്തിലടക്കം പിടിമുറുക്കിയത് അതിലൊരു തന്ത്രമാണ്.
തൃശൂരിങ്ങെടുക്കാൻ
''തൃശൂരിങ്ങെടുക്കുവാ'' എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം സഫലമാകാതെ നിലനില്ക്കുകയാണ്. ക്ഷേത്രനഗരിയായ തൃശൂരിൽ ഇത്തവണയും സുരേഷ് ഗോപി തന്നെ ബി.ജെ.പി. സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിന് പ്രധാനമന്ത്രിയുടെ ശക്തമായ പിന്തുണയുമുണ്ട്. പുതുവർഷത്തിലെ ആദ്യ ആഴ്ചതന്നെ മഹിളാ സമ്മേളനവും റോഡ്ഷോയുമായി പ്രധാനമന്ത്രി തൃശൂരിനെ ഇളക്കി മറിച്ചു. ''മോദിയുടെ ഗാരന്റി''യെക്കുറിച്ച് വാചാലനായാണ് അദ്ദേഹം മടങ്ങിയത്. രണ്ടാഴ്ച തികയും മുമ്പ് പ്രധാനമന്ത്രി വീണ്ടുമെത്തുകയാണ്. ഇക്കുറി ഗുരുപവനപുരിയിൽ. ജനുവരി 17നാണ് ഗുരുവായൂർ ക്ഷേത്രദർശനം. ഇവിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യും.
തൃശൂർ മണ്ഡലവുമായുള്ള ബന്ധം മോദി ദൃഢമാക്കുകയാണ്. വിശ്വാസികളുടെ വികാരവും തനിയ്ക്കൊപ്പമാക്കുന്നു. സംസ്ഥാനത്ത് അഞ്ചിലധികം സീറ്റുകളിലാണ് ബി.ജെ.പി. പ്രതീക്ഷയർപ്പിക്കുന്നത്.
കൊച്ചിയിലും മോദി ഷോ
മദ്ധ്യകേരളത്തിന്റെ ഹബ്ബാണ് കൊച്ചി. അതിനാൽ ഇവിടെ ഏതു ശക്തിപ്രകടനങ്ങളും ശ്രദ്ധകവരും. 16, 17 തീയതികളിൽ നരേന്ദ്രമോദിയെത്തുമ്പോൾ കൊച്ചിയിൽ രണ്ടുദിവസത്തെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. റോഡ് ഷോയടക്കം. തിരഞ്ഞെടുപ്പ് ഏകോപനത്തിനുള്ള ബി.ജെ.പി ബൂത്തുകളുടെ സമിതി 'ശക്തികേന്ദ്ര'യുടെ ചുമതലക്കാരേയും മോദി കാണും. 7000 ശക്തികേന്ദ്ര പ്രമുഖുകളാണ് കേരളത്തിലുള്ളത്.
ഇതോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഔദ്യോഗിക പരിപാടിയെന്ന നിലയിൽ കപ്പൽശാലയുടെ രണ്ട് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഉപഗ്രഹ ദ്വീപായി കണക്കാക്കാവുന്ന ലക്ഷദ്വീപിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നടത്തിയ ടൂറിസം ഷോയും ക്ലിക്കായി. ഇത് മാലദ്വീപിൽ ആഭ്യന്തര
രാഷ്ട്രീയപ്രശ്നത്തിന് ഇടയാക്കിയതോടെ ആഗോളവാർത്തയായി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചെയ്തികളിൽ അവിടെ ജനരോഷം ശക്തമായ സമയത്താണ് മോദി ടൂറിസത്തിന്റെ നയതന്ത്രവുമായെത്തിയത്. ദ്വീപസമൂഹത്തിലെ ഒരേയൊരു ലോക്സഭാ സീറ്റ് പ്രതിപക്ഷത്തിന്റെ പക്കലാണ്. ഇത് കേസിലും കൂട്ടത്തിലും പെട്ടുകിടക്കുകയുമാണ്.
ഹിന്ദി ഹൃദയഭൂമി വിട്ട്
രാജ്യത്തിന്റെ ഹൃദയഭാഗമായ ഹിന്ദി മേഖലയിൽ ബി.ജെ.പി ഫോമിൽ തുടരുകയാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിച്ചു. മദ്ധ്യപ്രദേശിൽ നിലനിറുത്തി. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നില സുരക്ഷിതമാക്കാൻ ഇതു മാത്രം പോരെന്ന് പാർട്ടിക്ക് നന്നായറിയാം. പ്രത്യേകിച്ച് നിതീഷ് കുമാറിനേപ്പോലുള്ള കരുത്തർ ഇന്ത്യ മുന്നണിയുമായി അപ്പുറത്തുള്ളപ്പോൾ. അതാണ് സാധ്യതകൾ ഒളിഞ്ഞുകിടക്കുന്ന കേരളത്തിലടക്കം പ്രധാനമന്ത്രി കണ്ണുവയ്ക്കുന്നത്.
നോർത്ത് ഈസ്റ്റ് പോയാൽ ദക്ഷിണേന്ത്യ
കഴിഞ്ഞതവണ വടക്കുകിഴക്കിന്റെ മനസ് പൊതുവേ എൻ.ഡി.എയ്ക്കൊപ്പമായിരുന്നു. എന്നാൽ മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പ്രവചനാതീതമാണ്. പത്തോളം ലോക്സഭാ മണ്ഡലങ്ങൾ മാത്രമാണ് ഈ മേഖലയിലുള്ളത്. എങ്കിലും ദേശീയതലത്തിൽ കടുത്ത മത്സരം വന്നാൽ ഓരോ സീറ്റും നിർണായകമാകും. അവിടെ നഷ്ടം സംഭവിച്ചെങ്കിൽ മറ്റൊരിടത്ത് നികത്തേണ്ടതുണ്ട്. ഒരു സീറ്റും നേടാനാകാത്ത കേരളത്തിലേക്ക് ബി.ജെ.പിയും മോദിയും കണ്ണുവയ്ക്കാൻ ഇതും ഒരു കാരണമായിരിക്കാം.
മറുപക്ഷത്തെ ആശയക്കുഴപ്പം
ബി.ജെ.പിയെ എതിർക്കാൻ ഇന്ത്യ മുന്നണിയുണ്ടാക്കിയ മറുപക്ഷത്തിന് ഇനിയും സ്വന്തം കാലിൽ നില്ക്കാറായിട്ടില്ല. കേരളത്തിലും ആശയക്കുഴപ്പം തുടരുകയാണ്. അറസ്റ്റും മർദ്ദനവും കേസുമായി യു.ഡി.എഫും എൽ.ഡി.എഫും കീരിയും പാമ്പുമായി തുടരുന്നു. വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുൽ ഗാന്ധി അവിടെ വീണ്ടും മത്സരിക്കുന്നതിലടക്കം ഇടതുപക്ഷത്ത് എതിർപ്പുണ്ട്. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഇത് മുതലെടുത്താണ് അപ്രഖ്യാപിത സ്ഥാനാർത്ഥിക്കൊപ്പം പ്രധാനമന്ത്രി തൃശൂരിൽ റോഡ് ഷോ നടത്തിയത്. കൊച്ചിയിലെ റോഡ് ഷോയിൽ മോദി ആരെയെല്ലാം കൂടെ നിറുത്തുമെന്നതും ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ എന്തുപറയുമെന്നതും പ്രധാന്യമർഹിക്കുന്നു.
തീവ്ര ഹിന്ദുത്വത്തിലേക്ക് പടിപടിയായി നീങ്ങുകയാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും. ഒന്നാം മോദി സർക്കാർ ഈ നിലപാടിൽ ചില വിട്ടുവീഴ്ചകൾ ചെയ്‌തെങ്കിലും ഇപ്പോൾ നയം വ്യക്തമാണ്. 22 ന് അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ചരിത്ര സംഭവമാക്കാനൊരുങ്ങുകയാണ് സംഘപരിവാർ. പ്രധാനമന്ത്രി ഔദ്യോഗിക പരിവേഷത്തിൽത്തന്നെ പങ്കെടുക്കുകയും ചെയ്യും. അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് അഞ്ചു ദിവസം മുമ്പാണ് മോദി ഗുരുവായൂരിൽ ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്നതെന്നതും ശ്രദ്ധേയം. പ്രതിഷ്ഠാചടങ്ങിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്. തുടർന്നൊരുങ്ങുന്ന രാഷ്ട്രീയത്തിരയിൽ കേരളത്തിൽ താമര വിരയുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.