youth-congress

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്​റ്റിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കമ്മീഷണർ ഓഫീസിന് മുൻപിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സംഘർഷത്തിനിടയിൽ പൊലീസിന് നേരെ പ്രവർത്തകർ ചെരുപ്പും കല്ലും കമ്പുമെറിഞ്ഞു. പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌ പി ഒഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബാരിക്കേ‌ഡുകൾ തകർക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. എക്‌സാലോജിക്കിനെതിരായ അന്വേഷണം എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ലെന്ന് ഷോൺ ജോർജ് കൂട്ടിച്ചേർത്തു.