
ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റ് ഇൻക്ളൂസീവ് അലയൻസിന്റെ (ഇന്ത്യ) ചെയർപേഴ്‌സണായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തിരഞ്ഞെടുത്തു. ബീഹർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളയാൾ തന്നെ പദവി ഏറ്റെടുക്കണമെന്നായിരുന്നു നിതീഷിന്റെ നിർദേശം.
ഇന്നുചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗത്തിലാണ് ഖാർഗെയെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. എന്നാൽ, മുന്നണിയിലെ എല്ലാ പാർട്ടികൾക്കും സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. അതേസമയം, തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.
സീറ്റ് വിഭജന ചർച്ചകളിലെ പുരോഗതിയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംയുക്ത റാലികളെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ മുന്നണി നേതാക്കൾ പങ്കെടുക്കുന്നതും ചർച്ചയായി.
ഇന്നലെ വൈകിട്ടാണ് കോൺഗ്രസ് നേതാക്കൾ യോഗത്തെക്കുറിച്ച് അറിയിച്ചതെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മമത പറഞ്ഞതായും തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് മാറ്റാൻ പറഞ്ഞെങ്കിലും കേട്ടില്ല. യോഗം കക്ഷി നേതാക്കളുടേതായതിനാൽ തൃണമൂൽ പ്രതിനിധിയെയും അയക്കില്ല.
അതേസമയം യോഗത്തിൽ നിതീഷിനെ കൺവീനറായി തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടായിരുന്നതിനാലാണ് മമത വിട്ടു നിന്നതെന്ന ശ്രുതിയുമുണ്ട്. ഡൽഹി യോഗത്തിൽ മമത ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചതിൽ നിതീഷിന് അമർഷമുണ്ടായിരുന്നു.