
ദിവസങ്ങൾക്ക് മുമ്പായിരുന്നു അമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറാ ഖാന്റെ വിവാഹം. ഫിറ്റ്നസ് പരിശീലകനായ നൂപുർ ശിഖാരെയാണ് ഇറ വിവാഹം ചെയ്തത്. ഉദയ്പൂരിൽ നടന്ന ഗംഭീര ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നവദമ്പതികളായ ഇറാ ഖാന്റെയും നൂപുർ ശിഖരെയുടെയും വിവാഹ സത്കാരം ഇന്ന് മുംബയിൽ നടക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചടങ്ങിൽ 2500ലധികം പങ്കെടുത്തേക്കും. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കമുള്ള വൻ താരനിരതന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. അംബാനി കുടുംബവും വരുവരന്മാരെ അനുഗ്രഹിക്കാനെത്തിയേക്കും.
വിശിഷ്ടാതിഥികൾക്കായി അതിവിശിഷ്ടമായ ഭക്ഷണം തന്നെയാണ് അമീർ ഖാൻ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒമ്പത് സംസ്ഥാനങ്ങളിലെ വിഭവങ്ങളാണ് വിളമ്പുന്നത്. ഗുജറാത്തി, മഹാരാഷ്ട്ര ഭക്ഷണങ്ങളെല്ലാമുണ്ട്.
ഈ മാസം പത്തിന് ഉദയ്പൂരിൽ വച്ചായിരുന്നു മോതിരം മാറ്റവും വിവാഹവും നടന്നത്. വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് താരപുത്രി എത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങിൽ സംഗീത്, മെഹന്ദി ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനുവരി മൂന്നിനും ഇരുവരുടെയും രജിസ്റ്റർ വിവാഹം നടന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നൂപുറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.