
തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ വിമർശനം ആരെ ഉദ്ദേശിച്ചാണെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ശശി തരൂർ എംപി. ഉദ്ദേശിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ ന്യൂഡൽഹിയിലും ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഭക്തി അപകടകരമാണെന്ന് ബിആർ അംബേദ്ക്കർ ഒരു കാലത്ത് പറഞ്ഞിരുന്നുവെന്നും അതേകാര്യം തന്നെയാണ് എംടിയും പറഞ്ഞതെന്ന് ശശി തരൂർ വ്യക്തമാക്കി.
'ദൈവത്തെ പോലെ രാഷ്ട്രീയ നേതാവിന് ജനങ്ങൾ ഭക്തി കൊടുക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. എഴുത്തുകാർക്ക് എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാൻ അവകാശമുണ്ട്. നമ്മുടെ സമൂഹത്തിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. അഭിപ്രായമുണ്ടെങ്കിൽ എഴുതാം. പണ്ടുകാലത്ത് പറഞ്ഞതുത്തന്നെ പറയാൻ തോന്നിയാൽ അതിന്റെ തുടരുന്ന പ്രാധാന്യം കണ്ടിട്ടാവുമല്ലോ പറയുന്നത്'- ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എംടി വേദിയിൽ പറഞ്ഞിരുന്നു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്.