
വിവാഹത്തിന് മുന്നോടിയായി മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും. ജനുവരി 17ന് തൃശൂരിൽ ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ഭാഗ്യയുടെ വിവാഹം നടക്കുന്നത്. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരൻ. ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഭാര്യ രാധിക പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.
മഞ്ഞയും വെള്ളയും നിറത്തിലെ ലഹങ്കയാണ് ഭാഗ്യ അണിഞ്ഞിരിക്കുന്നത്. മഞ്ഞ നിറത്തിലെ വസ്ത്രങ്ങളാണ് സുരേഷ് ഗോപിയും രാധികയും അഞ്ഞിരിക്കുന്നത്. വെള്ളനിറത്തിലെ വസ്ത്രങ്ങളിലാണ് വരൻ ശ്രേയസ് ഉള്ളത്. വിവാഹത്തിന് മുന്നോടിയായി വരനും വധുവിനും മഞ്ഞൾ പൂശുന്ന ചടങ്ങാണ് ഹൽദി. ഉത്തരേന്ത്യൻ വിവാഹങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും നടത്തുന്നത്. ഹൽദിയ്ക്ക് പുറമേ ഉത്തരേന്ത്യൻ വിവാഹച്ചടങ്ങായ സംഗീതും ഭാഗ്യയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു.
അതേസമയം, സംഗീത് ചടങ്ങിൽ സുരേഷ് ഗോപി എത്തിയിരുന്നില്ല. കൊച്ചിയിൽ വരാഹം സിനിമയുടെ ലൊക്കേഷനിലായിരുന്നു സുരേഷ് ഗോപി. താരത്തിന്റെ സീനുകൾ പൂർത്തിയായതോടെ ഇനിയുള്ള വിവാഹചിത്രങ്ങളിലെല്ലാം സുരേഷ് ഗോപിയെ ആരാധകർക്ക് കാണാനാവും. ജനുവരി 17ന് നടക്കുന്ന വിവാഹച്ചടങ്ങിൽ വധൂവരന്മാർക്ക് ആശീർവാദം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടാവും.