
താൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലമെല്ലാം കുടുംബത്തിന് നൽകിയെന്ന് നടി ഷക്കീല. ഇപ്പോൾ കൈയിൽ ഒന്നുമില്ലാത്തതിനാൽ ആദായ നികുതി വകുപ്പിനെ പേടിയില്ലെന്നും അവർ വ്യക്തമാക്കി.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'സദാചാരം എന്ന മിഥ്യ' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടിയുടെ വെളിപ്പെടുത്തൽ. കിന്നാരത്തുമ്പിയിൽ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലവും അവർ വെളിപ്പെടുത്തി.
അഞ്ച് ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപയാണ് സിനിമയുടെ നിർമാതാവ് തന്നതെന്ന് ഷക്കീല വ്യക്തമാക്കി. ആ ചിത്രം ഹിറ്റായതോടെ അടുത്ത സിനിമയായ 'കാതരയ്ക്ക്' ദിവസം പതിനായിരം രൂപ കിട്ടി. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് നടി കൂട്ടിച്ചേർത്തു.
'പുതിയ സിനിമ വന്നപ്പോൾ അണിയറപ്രവർത്തകരോട് ഒരു ലക്ഷം രൂപ ചോദിച്ചു. അവർ എതിര് പറയാതെ സമ്മതിച്ചു. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ഓരോ ദിവസവും ഓരോ ലക്ഷം വച്ച് കിട്ടി. നാലാം ദിവസം ചെന്നൈയിലേക്ക് വിമാനടിക്കറ്റെടുത്തു തന്നു. ഷൂട്ട് കഴിഞ്ഞശേഷം രണ്ട് ലക്ഷം രൂപ കൂടുതൽ തന്നു. യഥാർത്ഥത്തിൽ സിനിമയ്ക്ക് ആകെ ഒരു ലക്ഷം തരുമോയെന്നായിരുന്നു ചോദിച്ചത്. എന്നാൽ അവർ കരുതിയത് ഓരോ ദിവസം ഓരോ ലക്ഷമെന്നായിരുന്നു.'- നടി വ്യക്തമാക്കി.