g

ഉറച്ച ലക്ഷ്യ ബോധത്തോടെ പരിശ്രമിച്ചാൽ വിജയം നേടാനാകുമെന്ന പാഠമാണ് ഈ സിനിമ നൽകുന്നത്. ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രചോദനമാകുന്ന രീതിയിൽ അവതരിപ്പിച്ചതാണ് വിനോദ് ചോപ്രയുടെ ട്വൽത്ത്ഫെയിലിന്റെ മികവ്.

ജീവിതത്തിലേക്ക് ഒരു റീസ്റ്റാർട്ട് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും നടക്കാറില്ല. അങ്ങനെയൊരു റീസ്റ്റാർട്ടിന്റെ വിജയമാണ് ട്വൽത്ത് ഫെയിൽ (12 th fail ) എന്ന സിനിമ പറയുന്നത്. ട്വൽത്ത് ഫെയിൽ എന്നാൽ പന്ത്രണ്ടാം ക്ളാസിൽ പരാജയപ്പെട്ടു എന്നു തന്നെ.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച സിനിമ. ഇന്ന് ചലച്ചിത്ര ലോകം ചർച്ച ചെയ്യുകയും ചരിത്ര വിജയം കൈവരിക്കുകയുമാണ്. വിക്രാന്ത് മാസിയും മേധാ ശങ്കറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.

2019ൽ അനുരാഗ് പഥക് എഴുതിയ നോവലാണ് സിനിമയ്ക്ക് ആസ്പദം. പന്ത്രണ്ടാംതരം തോറ്റിട്ടും പഠിക്കാനുള്ള ഉത്സാഹവും അധ്വാനിക്കാനുള്ള മനസുംകൊണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ ശർമയുടെ കഥയായിരുന്നു പഥക്കിന്റെ നോവലിന്റെ പ്രമേയം. 12ത് ഫെയിലും ഇതേ വിഷയമാണ് സംസാരിക്കുന്നത്. സിനിമയിലും നോവലിലും മനോജ് കുമാർ ശർമയുടെ ഭാര്യയും സിവിൽ സർവീസ് ജേതാവുമായ ശ്രദ്ധാ ജോഷിയും കഥാഗതിയിൽ ഉടനീളമുണ്ട്. ഇവരുടെ ജീവിതമാണ് സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിലെ മനോജ് ശർമയും സിനിമയിലെ മനോജ് ശർമയും കടന്നുവന്ന വഴികളും അവരുടെ പശ്ചാത്തലവും വ്യത്യസ്തമാണ്.

സത്യസന്ധതയുടെ പേരിൽ സസ്‌പെൻഷനിലാകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ മനോജ് കുമാർ ശർമ്മ. കാലാകാലങ്ങളായി കുട്ടികളെക്കൊണ്ട് കോപ്പിയടിപ്പിച്ച് ജയിപ്പിക്കുന്ന സ്‌കൂളിലാണ് മനോജ് പഠിക്കുന്നത്. അങ്ങനെയിരിക്കെയാണ് 12-ാം ക്ലാസിന്റെ ഫൈനൽ പരീക്ഷയുടെ സമയത്ത് സ്‌കൂളിലേക്ക് ദുഷ്യന്ത് എന്ന ഡി.എസ്.പി കടന്ന് വന്ന് കോപ്പിയടിക്കാൻ സഹായിച്ചതിന് പ്രധാന അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. അന്ന് അവിടെ കോപ്പിയടി തടഞ്ഞതിനാൽ മനോജ് ഉൾപ്പെടെയുള്ള എല്ലാ കുട്ടികളും12ാം ക്ലാസ്സിൽ പരാജയപ്പെട്ടു.

അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് ദുഷ്യന്തിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മനോജ് കോപ്പിയടിക്കാതെ തന്റെ പരീക്ഷകൾ വിജയിക്കുകയും ചെയ്തു. തുടർന്ന് ദുഷ്യന്തിനെ പോലെ ഡി.എസ്.പി ആകണമെന്ന ആഗ്രഹം മനോജിന് ഉണ്ടാകുന്നു. അവന്റെ മുത്തശ്ശി തന്റെ ഏക സമ്പാദ്യം നൽകിയാണ് മനോജിനെ പഠിക്കാൻ യാത്രയാക്കുന്നത്. പക്ഷേ ആ പണവും വസ്ത്രവുമടങ്ങുന്ന ബാഗും ബസിൽ വച്ച് മോഷ്ടിക്കപ്പെടുന്നു. അപ്പോഴാണ് മനോജ് ആ വാർത്ത അറിയുന്നത് അടുത്ത മൂന്ന് വർഷത്തേക്ക് എം.പി.പി.എസ്.സിയുടെ ഗ്രൂപ്പ് I പരീക്ഷകൾ നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചെന്ന്. ഇതോടെ ഡി.എസ്.പി ആകാനുള്ള സ്വപ്നം നശിക്കുന്നു. അവിടെ വച്ച് പരിചയപ്പെട്ട പ്രീതം പാണ്ഡെയാണ് പി.എസ്.സി പരീക്ഷയുടെ കാര്യവും ഐ.പി.എസ് എന്ന സ്വപ്നവും മനോജിന്റെ മനസിലേക്ക് പകരുന്നത്.

അങ്ങനെ ഒന്നും കയ്യിലില്ലാതെ മനോജ് പ്രീതത്തിന്റെ സഹായത്തോടെ ഡൽഹിയിലെത്തുകയും യു.പി.എസ്.സി കോച്ചിംഗിന് ചേരുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട് കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. ദൈനംദിന ചെലവുകൾക്കായി ഒരു ലൈബ്രറിയിൽ ജോലിക്കുകയറി. ഇതിനിടയിൽ മൂന്നുതവണ മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. ചോദ്യം ശരിക്ക് വായിക്കാതെ ഉത്തരമെഴുതിയതായിരുന്നു ഒരു തവണ പരാജയപ്പെടാൻ കാരണം. ഇതിനിടയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനാൽ ലൈബ്രറിയിൽ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു.

ഒരു കോച്ചിംഗ് സെന്റർ സന്ദർശിക്കുന്നതിനിടെയാണ് യു.പി.എസ്.സി ഉദ്യോഗാർത്ഥിയായ ശ്രദ്ധ ജോഷിയെ കാണുന്നത്. മനോജിന്റെ വാശിക്ക് ആക്കം കൂട്ടിയത് ശ്രദ്ധയാണ്. കാരണം മനോജിനെ സംബന്ധിച്ച് അതുവരെ ശ്രദ്ധാ ജോഷി ഒരു പ്രചോദനമായിരുന്നുവെങ്കിൽ പിന്നീടത് ലക്ഷ്യത്തിലേക്കെത്താനുള്ള കഠിനാധ്വാനത്തിന് ഊർജ്ജമാവുകയായിരുന്നു. ഇതാണ് പിന്നീട് ശ്രദ്ധയോടുള്ള പ്രണയമായി മാറുന്നതും.

മനോജിന്റെ സുഹൃത്തും ട്യൂഷൻ ടീച്ചറുമായ ഗൗരി ഭായ് ഇടയ്ക്ക് പറയുന്ന ഒരു വാക്കുണ്ട്. റീസ്റ്റാർട്ട് എന്ന്. ആ വാക്കാണ് മനോജിന്റെ സിവിൽ സർവീസ് സ്വപ്നം നാലാം ശ്രമത്തിൽ പൂവണിയാൻ ബലമായത്. മനോജ്ഐ .പി.എസ്. ടോപ്പറാകുന്നു ആ ഇന്റർവ്യുവാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണപത്രികയുമായി , ഐ.പി.എസ് ഓഫീസറായ മനോജ്, നാട്ടിൽ തന്നെ പ്രോത്സാഹിപ്പിച്ച ഡി.എസ്.പി ദുഷ്യന്ത് സിംഗിനെ കാണുന്നു നന്ദി പറയുന്നു. മനോജ് ശ്രദ്ധയെ വിവാഹം കഴിക്കുന്നു.

ഉറച്ച ലക്ഷ്യ ബോധത്തോടെ പരിശ്രമിച്ചാൽ വിജയം നേടാനാകുമെന്ന പാഠമാണ് ഈ സിനിമ നൽകുന്നത്. ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രചോദനമാകുന്ന രീതിയിൽ സിനിമ അവതരിപ്പിച്ചതാണ് വിനോദ് ചോപ്രയുടെ ട്വൽത്ത്ഫെയിലിന്റെ മികവ്. ഒ.ടി.ടി പ്ളാറ്റ് ഫോമിൽ ചിത്രം കാണാം.