jacinda-ardern

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി. തന്റെ ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനെയാണ് ജസീന്ത വിവാഹം കഴിച്ചത്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ, കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വന്തം വിവാഹം തന്നെ മാറ്റി വച്ച് ജസീന്ത ജനങ്ങൾക്ക് മാതൃകയായിരുന്നു. അന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ജസീന്ത വിവാഹം മാറ്റിവച്ച കാര്യം പ്രഖ്യാപിച്ചത്.

'ജീവിതം അങ്ങനെയാണ്. കൊവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലാന്റുകാരിൽ നിന്ന് ഞാൻ വ്യത്യസ്തയല്ല. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഗുരുതരമായ രോഗം വരുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാൻ അവരുടെ വേദനയിൽ പങ്കുചേരുകയാണ്.'- വിവാഹം മാറ്റിവച്ച പ്രഖ്യാപനത്തിന് പിന്നാലെ ജസീന്ത പറഞ്ഞു.

43കാരിയായ ജസീന്തയും 47കാരനായ ഗെയ്‌ഫോർഡിന്റെയും വിവാഹ നിശ്ചയം 2019 മേയിലാണ് നടന്നത്. 2022ൽ നടത്താൻ തീരുമാനിച്ച വിവാഹമാണ് ഇപ്പോൾ ചെറിയ ചടങ്ങളുകളോടെ നടത്തിയത്. തലസ്ഥാനമായ വെല്ലിംഗ്ടണ്ണിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ വടക്ക് ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

2018ൽ പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ ലോകനേതാവായിരുന്നു ജസീന്ത. ആറ് ആഴ്ചത്തെ പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ജസീന്ത യുഎൻ സമ്മേളനത്തിൽ കൈക്കുഞ്ഞുമായി പങ്കെടുത്തത് ചരിത്രമായിരുന്നു. കുഞ്ഞിന് യുഎന്നിന്റെ ഐഡി കാർഡ് പോലുമുണ്ടായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിൽ ലോകനേതാക്കൾക്ക് മാതൃകയായ രാജ്യമാണ് ന്യൂസിലൻഡ്.

ജസീന്തയുടെ നേതൃപാടവത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അത്. ജസീന്തയുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിച്ചു. പിന്നാലെ ആറ് മാസത്തേക്ക് തന്റെയും മന്ത്രിമാരുടെയും ശമ്പളത്തിൽ 20 ശതമാനം വെട്ടിക്കുറച്ചു. രാജ്യത്തെ കൊവിഡ് മരണവും ഒമിക്രോൺ കേസുകളും കുടിയതോടെയാണ് ക്ലാർക്ക് ഗെയ്‌ഫോർഡുമായുള്ള വിവാഹം മാറ്റിവച്ചത്.