prabha

പൂനെ:ഹിന്ദുസ്ഥാനി സംഗീതത്തിലെ കിരാന ഖരാന ശൈലിയിലെ അതികായയും

വിഖ്യാത വാഗ്ഗേയകാരിയുമായ ഡോ. പ്രഭ ആത്രെ (92)അന്തരിച്ചു. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

പൂനെയിലെ വസതിയിൽ ഇന്നലെ പുലർച്ചെ 5.30ന് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം വിദേശത്തുള്ള ബന്ധുക്കൾ വന്ന ശേഷം ചൊവ്വാഴ്ച. അവിവാഹിതയാണ്.

പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ ദിവസങ്ങൾക്ക് മുമ്പ് വിടവാങ്ങിയതിന് പിന്നാലെ പ്രഭാ ആത്രയുടെ വിയോഗവും സംഗീത ലോകത്തിന് വലിയ നഷ്‌ടമായി.

ഹിന്ദുസ്ഥാനിയിൽ സ്വന്തമായി ക‌ൃതികൾ രചിച്ച് ചിട്ടപ്പെടുത്തി ആലപിക്കുന്ന വാഗ്ഗേയകാരരിലെ ഏക വനിതയായിരുന്നു പ്രഭ ആത്രെ.

പൂനെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് ആത്രെയുടെയും മകളായി 1932 സെപ്തംബർ 13ന് ജനനം. എട്ടാം വയസിൽ സംഗീത പഠനം തുടങ്ങി.

ബി. എസ്‌സി, എൽ. എൽ.ബി ബിരുദം. സംഗീതത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ലണ്ടനിലെ ട്രിനിറ്റി ലാബൻ കൺസർവേറ്റയർ ഒഫ് മ്യൂസിക് ആൻഡ് ഡാൻസിൽ പാശ്ചാത്യ സംഗീതവും പഠിച്ചിട്ടുണ്ട്. അപൂർവ കല്യാൺ, ദർബാരി കൗൻസ്, പത്ദീപ് മൽഹാർ, ശിവ്കാളി, തിലങ് ഭൈരവ്, രവി ഭൈരവ് തുടങ്ങിയ പുതിയ രാഗങ്ങൾ കണ്ടെത്തി. കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

സംഗീത അദ്ധ്യാപിക, ഗവേഷക, രചയിതാവ്, കമ്പോസർ എന്നീ നിലകളിൽ തിളങ്ങി. ഖയാൽ, തരാന, തുംരി, ദാദ്ര, ഗസൽ, ഭജൻ തുടങ്ങി വിഭിന്ന ശൈലികളിൽ പ്രതിഭ തെളിയിച്ചു.ലോകത്തെ വിവിധ സർവകലാശാലകളിൽ

വിസിറ്റിംഗ് പ്രൊഫസറായിരുന്നു. പദ്മവിഭൂഷൺ നേടുന്ന നാലാമത്തെ ഹിന്ദുസ്ഥാനി സംഗീതജ്ഞയാണ്. സംഗീതനാടക അക്കാഡമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.