g

പുതുവർഷത്തിൽ പഴയ കാലത്തെ രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതായിരിക്കുമെന്ന് വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ ഏതോ 'പ്രൊഫസർ' അയച്ച സന്ദേശം വായിക്കാനിടയായി. എങ്കിൽ അങ്ങനെ തന്നെ എന്നു ചിന്തിച്ചു നോക്കിയപ്പോൾ ഒരു ഓർമ്മ മെല്ലെ ഡൗൺലോഡ് ആയി കിട്ടി. 1990 കാലഘട്ടം. കൊല്ലം ജില്ലയിലെ ഒരു കൊച്ചു ടൗണിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സുവർണ്ണകാലം. ആശുപത്രി മാനേജർ ആറുമുഖം, തമിഴ്‌നാട്ടുകാരനാണെങ്കിലും ജനിച്ചതും വളർന്നതും മാനേജരായതും ആ കൊച്ചു പട്ടണത്തിൽ! ഒരു കട്ട മാറ്റി പിടിച്ചാണ് മലയാള ഭാഷ കൈകാര്യം ചെയ്തിരുന്നു എന്നു മാത്രം! വളരെ സ്‌നേഹവും ബഹുമാനവുമാണ് കക്ഷിക്ക് എന്നോടും എനിക്ക് തിരിച്ചങ്ങോട്ടും!

ഒരു ദിവസം ഒ.പി തീർന്നപ്പോൾ ആറുമുഖം നന്നായി വെളുക്കെ ചിരിച്ചുകൊണ്ട് മുറിയിലേയ്ക്ക് കടന്നു വന്നു.

" ഡോക്ടർക്ക് വൈകുന്നേരം എന്താ പരിപാടി? "

മോഹൻലാലിന്റെ പരസ്യം വരുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പായതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല!

ഇന്ന് വിശേഷിച്ചൊന്നുമില്ല.

" നാളെ ഞായറാഴ്ചയോ ?"

ആറുമുഖത്തിന്റെ ഒരു മുഖത്തിൽ പുഞ്ചിരി!

ഓ...നാളെ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് ലംബോധരന്റെ മകളുടെ കല്ല്യാണമല്ലേ! കൊല്ലത്ത് ഞാൻ പോകുന്നുണ്ട്, വരുന്നുണ്ടോ?

ആറുമുഖത്തിന്റെ മറ്റൊരു മുഖത്ത് വലിയ താത്പര്യക്കുറവ്. "ഇല്ല. ഡോക്ടർ പൊയ്‌ക്കൊള്ളൂ. ഇതുപോലെ ചിലപ്പോഴൊക്കെ ആറുമുഖം എന്റെ ടൂർ പരിപാടി അന്വേഷിച്ച് വരാറുണ്ടായിരുന്നു. കല്യാണം, പാലുകാച്ച്,ഇരുപത്തെട്ടുകെട്ട്, സഞ്ചയനം ഇവയൊക്ക ചോദിച്ച് മനസ്സിലാക്കുമെങ്കിലും ഇല്ല.ഡോക്ടർ പൊയ്‌ക്കൊള്ളൂ എന്നായിരുന്നു പലപ്പോഴും പ്രതികരണം. സിറ്റിയിലേയ്ക്ക് കാറോടിക്കുമ്പോൾ ഒരു കൂട്ടാകുമല്ലോ എന്ന് ആശിച്ചുവെങ്കിലും പലപ്പോഴും ആറുമുഖം മുഖം തന്നില്ല. അങ്ങനെയിരിക്കെ ഒരു നാൾ പതിവ് ചോദ്യവുമായി ആറുമുഖം മുഖം കാണിച്ചു.

ഈ ആഴ്ച എന്താ പരിപാടി?

ഞാൻ പറഞ്ഞു. ഞായറാഴ്ച ഒരു കല്യാണമുണ്ട്. ഷാനവാസിന്റെ അനുജന്റെ കല്യാണം. സിറ്റിയിലാണ്. വരുന്നുണ്ടോ?

ആറുമുഖന്റെ ആറുമുഖവും ഒന്നിച്ച് പെട്ടെന്ന് വിടർന്നു. ചിരിച്ചു.

കല്ല്യാണത്തിന് എന്നെ വിളിച്ചില്ലല്ലോ, ഞാനെങ്ങനെ വരും?

ഞാനുടനെ പറഞ്ഞു. നമ്മുടെ ആശുപത്രിയുടെ മരുന്ന് ഡിസ്ട്രിബ്യൂട്ടറല്ലേ. ഞാൻ കണ്ടിട്ടു പോലുമില്ല. ആശുപത്രിയുടെ പേരിലാണ് ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് ആറുമുഖം പിള്ളയ്ക്ക് പ്രത്യേക ക്ഷണം വേണ്ട. "ശരിയാണല്ലോ,എങ്കിൽ ഞാനുമുണ്ട്." മാനേജർ ഉഷാറായി. അടുത്ത ഞായർ, പറഞ്ഞ സമയത്തിന് മുമ്പ് ആറ് റെഡിയായി ക്വാർട്ടേഴ്‌സിൽ ഹാജരായി. ഈ ഉത്സാഹം എന്നെ ഒന്നു ചിന്തിപ്പിച്ചു. ഞാൻ മനസ്സിൽ ചിലതൊക്കെ വ്യാഖ്യാനിച്ചു. കാറിൽ പുറപ്പെട്ട് തുടങ്ങിയ ഉടൻ തന്നെ ആറ് ഒരു ആറായി ഒഴുകി തുടങ്ങി.

"സാറിന് ഒരു പക്ഷേ എന്റെ വരവിനെക്കുറിച്ച് ചെറിയ ഐഡിയ കിട്ടിയിട്ടുണ്ടാകും അല്ലേ?"

'ഇല്ല... ചിന്തയിലാണ്.' ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "സാറിനോട് പറയുന്നതുകൊണ്ട് എനിക്ക് ഒരു വിഷമവുമില്ല. ആശുപത്രിയിൽ വച്ച് പറഞ്ഞാൽ ആ സിസ്റ്റർമാരോ തൂപ്പുകാരിയോ കേൾക്കും."ആറുമുഖം മനസ്സു തുറന്നു. "സാർ എന്റെ ഫാമിലി മൊത്തം വെജിറ്റേറിയൻസാണ്. എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു അസീസിന്റെ വീട്ടിൽ ഞാൻ ഇടയ്ക്കിടെ പോകുമായിരുന്നു. അവിടെവച്ചാണ് ഞാൻ നോൺ വെജിന്റെ രുചി അറിയുന്നത്. ഞാൻ നോൺവെജ് കഴിക്കുമെന്നറിഞ്ഞാൽ ആദ്യം എന്റെ അപ്പ എന്നെ വീട്ടിൽ നിന്നും പുറത്താക്കും. എന്റെ വീട്ടുകാരും ഭാര്യയുടെ വീട്ടുകാരും എനിയ്ക്ക് ഭ്രഷ്ട് കൽപ്പിക്കും. അത്രയ്ക്ക് സ്ട്രിക്റ്റാണ്. എനിക്ക് ഹോട്ടലിൽ പോയി കഴിക്കാൻ പോലും പേടിയാണ്. അവരിതെങ്ങാനും അറിഞ്ഞാൽ." എന്റെ ഊഹം ശരിയായിരുന്നു.
ലംബോധരന്റെ മകളുടെ കല്ല്യാണം, ആര്യങ്കാവിലെ വാസുവിന്റെ കൊച്ചിന്റെ നൂലുകെട്ട്, കൊട്ടാരക്കര അയ്യപ്പൻ പിള്ളയുടെ സഞ്ചയനം, വാർഡ് മെമ്പർ വിലാസിനിയുടെ കൊല്ലത്തെ മകളുടെ വീടിന്റെ പാലുകാച്ച് ഇതിലൊന്നും താത്പര്യമില്ലാത്തയാളിന് ഷാനവാസിന്റെ അനുജന്റെ കല്ല്യാണം ബഹുത്ത് താത്പര്യം.

"ഡോക്ടർ....എനിക്ക് ചിക്കനെക്കാളും മട്ടണാണ് ഇഷ്ടം. അസീസിന്റെ വീട്ടിൽ മിക്കവാറും മട്ടൺ ആയിരിക്കും. ഒരിക്കൽ ചിക്കന്‍ കഴിച്ചു. എനിക്ക് ഇഷ്ടമായില്ല. മട്ടൺ ബിരിയാണി റെഡിയായി വരുമ്പോൾ വെന്തുരുകുന്ന ഇറച്ചിയുടെയും നെയ്യിന്റെയും ഇടകലർന്ന ആ ഒരു ഗന്ധം ഉണ്ടല്ലോ.... അതൊന്ന് വേറെ തന്നെയാണല്ലേ ഡോക്ടർ." ഉമിനീരിറക്കി ആറുമുഖം എന്റെ മുഖത്ത് നോക്കി ചോദിച്ചു.
ഉമിനീരിറക്കിക്കൊണ്ട് അതെയെന്ന് ഞാനും !

"ഈ കല്ല്യാണത്തിന് മട്ടണായിരിക്കും ഇല്ലേ ഡോക്ടർ?"

ആയിരിക്കണം, ഞാൻ ആശ്വസിപ്പിച്ചു. അങ്ങനെ വേഗത്തിൽ ഷാനവാസിന്റെ കല്ല്യാണ സ്ഥലത്ത് എത്തി.

ഞങ്ങൾ രണ്ടുപേരും വലിയ സന്തോഷത്തോടെ ആ കൊച്ചു ഹാളിന്റെ മുറ്റത്തേയ്ക്ക് നടന്നു. പെട്ടെന്ന് വെള്ളഷർട്ടും മുണ്ടുമണിഞ്ഞ് ഒരാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ എതിരേറ്റു. സാർ, ഞാൻ ഷാനവാസ്. ങേ! അയാളുടെ നെറ്റിയിൽ ഒരു ചന്ദനക്കുറി! ഞാൻ അത്ഭുതപ്പെട്ടു. അവിശ്വാസത്തോടെ ആറുമുഖത്തിനെ ഒന്ന് നോക്കി.

ഡോക്ടർ സാർ...ഇതാണെന്റെ അച്ഛൻ പുരുഷോത്തമൻ, ഇത് അച്ഛന്റെ സഹോദരൻ സുശീലൻ. ഇത് എന്റെ അനുജൻ ഷാജഹാൻ!

ഷാനവാസിന്റെ അച്ഛൻ പുരുഷോത്തമൻ ഇത്ര വലിയ മതനിരപേക്ഷകനും പുരോഗമന വാദിയുമാണെന്ന് എന്റെ വന്യ ഭാവനയിൽ പോലും ചിന്തിച്ചില്ല !

കല്യാണത്തിന്റെ നാഗസ്വരമേളം ഉച്ചത്തിലായി. ഞാനൊന്ന് ആറുമുഖനെ ഇടകണ്ണിട്ട് നോക്കി. ശൃംഗാരം, ഹാസ്യം, ശാന്തം ഇവ ഒഴിച്ച് ബാക്കി ആറു രസങ്ങളും ആ ആറുമുഖങ്ങളിലും മാറി മാറി പ്രതിബിംബിക്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു.

(ഫോൺ:9447055050)