
മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്കു മുൻപിലേക്ക് എത്താൻ ഇനി 10 ദിവസം മാത്രം. ജനുവരി 25ന് വാലിബൻ റിലീസ് ചെയ്യും. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസാണ് മലൈക്കോട്ടൈ വാലിബനു ഒരുങ്ങുന്നത്. ആദ്യ ആഴ്ച തന്നെ 175-ൽപ്പരം സ്‌ക്രീനുകളിലേക്ക് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കും. കേരള ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ അടുത്ത വിസ്മയമാകും വാലിബൻ എന്നാണ് വിലയിരുത്തൽ. താരസമ്പന്നമാണ് ചിത്രം. ബോളിവുഡ് താരം സോണാലി കുൽകർണി, ബംഗാളി നടി കഥ നന്ദി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ് സെയ്‌ത്, ഹരിപ്രശാന്ത് വർമ്മ, മനോജ് മോസസ്, സുചിത്ര നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങൾ വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്. ഗംഭീര മേക്കോവറിലാണ് മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും. 130 ദിവസം നീണ്ട ചിത്രീകരണമായിരുന്നു വാലിബന്റേത്. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുക്കുന്നതിനാൽ ആരാധകരും വൻ ആവേശത്തിലാണ്. പുതുവർഷത്തിൽ പുറത്തിറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. രചന: പി.എസ്. റഫീക്ക്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു.