g

മമ്മൂട്ടിയും ബിജു മേനോനും

ടൊവിനോയും നസ്ളനും

പുതിയ റിലീസുകളാൽ സമ്പന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജർ റിലീസുകൾ. ബിജു മേനോൻ 'തുണ്ട്" എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അയ്യർ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകൾ . മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മഹി വി. രാഘവ് ആണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും 9ന് റിലീസ് ചെയ്യും. കുറ്റാന്വേഷണ ഗണത്തിൽപ്പെട്ടതാണ് ചിത്രം.

മുകേഷും ഉർവശിയും ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന അയ്യർ ഇൻ അറേബ്യ 12ന് റിലീസ് ചെയ്യും. എം.എ നിഷാദ് ആണ് സംവിധാനം. കോമഡി ട്രാക്കിലാണ് അയ്യർ ഇൻ അറേബ്യ.

ബിജുമേനോൻ പ്രധാന വേഷത്തിൽ എത്തുന്ന തുണ്ട് പൊലീസ് കഥയാണ് പറയുന്നത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം. 16ന് ചിത്രം തിയേറ്ററിൽ എത്തും. ബിജുമേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന തലവൻ 23ന് റിലീസ് ചെയ്യും. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം പൊലീസ് കഥയാണ് പറയുന്നത്.

യുവപ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുങ്ങുന്ന പ്രേമലു ആണ് ഫെബ്രുവരി റിലീസായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. നസ്‌ലൻ, മമിത ബൈജു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രേമലു റൊമാന്റിക് കോമഡി ചിത്രമാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.