inflation

കൊച്ചി: നാണയപ്പെരുപ്പ ഭീഷണി നേരിടാനുള്ള നടപടികൾ ശക്തമായി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനം. ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയും വിപണിയിലെ പണലഭ്യത നിയന്ത്രിച്ചും വിലക്കയറ്റം ഒരു പരിധി വരെ നിലനിറുത്താൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനം ജൂൺ കഴിഞ്ഞും തുടരും. ഡിസംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.69 ശതമാനമായി ഉയർന്നതിനാൽ ഇറക്കുമതിയിൽ ഇളവുകൾ നൽകിയാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം വീണ്ടും രൂക്ഷമാകുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. പൊതു തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെ വിലക്കയറ്റം നിയന്ത്രിക്കുന്ന നടപടികൾക്ക് കൂടുതൽ ഉൗന്നൽ നൽകണമെന്ന നിലപാടാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിനുള്ളത്.

രാജ്യത്തെ വിലക്കയറ്റം രൂക്ഷമായതോടെ നാണയപ്പെരുപ്പം നേരിടാൻ ഉത്പന്ന ലഭ്യത വർദ്ധിപ്പിക്കാനും ഉപഭോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് നിരവധി നടപടികളാണ് രണ്ട് വർഷമായി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ചത്. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 2022 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് ആറ് തവണയായി മുഖ്യ പലിശ നിരക്ക് 2.5 ശതമാനം ഉയർത്തിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് കുത്തനെ കൂടിയെങ്കിലും വിലക്കയറ്റത്തിന് ശമനമുണ്ടായില്ല. ഇതോടെയാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്താനായി അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഗോതമ്പിന്റെ കയറ്റുമതിക്ക് 2022 മേയ് മാസത്തിലാണ് കേന്ദ്ര സർക്കാർ നിരോധന ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലായിൽ ബസ്‌മതി ഒഴികെയുള്ള അരി ഇനങ്ങളുടെ കയറ്റുമതിക്കും നിരോധനം ഏർപ്പെടുത്തി. പഞ്ചസാരയുടെ കയറ്റുമതിക്കും കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കടുത്ത നിയന്ത്രണമാണുള്ളത്.

അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ നിലവിൽ ആലോചനയില്ല. ഇതോടൊപ്പം ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഇറക്കുമതി അനുവദിക്കില്ല.

പീയുഷ് ഗോയൽ

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി

വെല്ലുവിളി

കാലാവസ്ഥാ വ്യതിയാനം മൂലം പ്രധാന കാർഷിക മേഖലകളിൽ ഉത്പാദനത്തിലുണ്ടായ ഇടിവാണ് പ്രധാന വെല്ലുവിളി. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ ഉപഭോഗവും ഗണ്യമായി കൂടുന്നു. പശ്ചിമേഷ്യയിലെയും റഷ്യൻ മേഖലയിലെയും രാഷ്ട്രീയ സംഘർഷങ്ങൾ മൂലം ചരക്ക് കൈമാറ്റത്തിലുണ്ടായ തടസങ്ങളും ലോകമൊട്ടാകെ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കി. റഷ്യ, ഉക്രെയിൻ എന്നിവിടങ്ങളിൽ നിന്നും ഗോതമ്പും അരിയും വാങ്ങിയിരുന്ന പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ചതും വിലക്കയറ്റം ഭീഷണി സൃഷ്ടിച്ചു.