
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി ട്രെൻഡിംഗിൽ നിൽക്കുന്ന യുട്യൂബറാണ് 'തൊപ്പി'യെന്ന് വിളിപ്പേരുള്ള നിഹാദ്. പൊതുജനമദ്ധ്യത്തിൽ അശ്ലീല പരാമർശം നടത്തി, ഗതാഗതം തടസപ്പെടുത്തി, അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് സവാദ് നിയമനടപടികളും നേരിട്ടിരുന്നു. ഇപ്പോഴിതാ തൊപ്പി ചെയ്തൊരു ജീവകാരുണ്യ പ്രവർത്തനം സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുകയാണ്.
തൊപ്പി ക്രിസ്‌മസ് വേഷത്തിലെത്തിയ ഒരു വീഡിയോയിൽ ധനസഹായം ആവശ്യപ്പെട്ട് 'ഫാൽക്കൺ വൈറ്റി' എന്ന യുട്യൂബർ മെസേജ് അയച്ചിരുന്നു. തനിക്കൊരു വീൽചെയർ വേണമെന്നും 28,000 രൂപവരെ ഇതിന് ചെലവ് വരുമെന്നുമായിരുന്നു വോയിസ് മെസേജിലൂടെ യുട്യൂബർ തൊപ്പിയോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ 28,000 അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതിൽ ഏറ്റവും ബെസ്റ്റ് വീൽ ചെയർ ഫാൽക്കൺ വൈറ്റിക്ക് നൽകുമെന്ന് തൊപ്പി വാഗ്ദാനം നൽകുകയും ചെയ്തു. ഈ വാഗ്ദാനമാണ് തൊപ്പി ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൊപ്പി വാക്ക് പറഞ്ഞതുപോലെ വീൽചെയർ ഫാൽക്കൺ വൈറ്റിയുടെ വീട്ടിലെത്തിച്ചത്. അവിടെയിരുന്നുതന്നെ വീൽ ചെയർ ഫിറ്റ് ചെയ്ത് ഓടിച്ച് നോക്കിയിട്ടാണ് തൊപ്പി വീടുവിട്ടത്. വീട്ടുകാരോട് കുശലാന്വേഷണം നടത്തിയും കൈകൊടുത്തും പിരിയുന്ന യുട്യൂബറിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുന്നത്. നിരവധി അഭിനന്ദനങ്ങളും ദൃശ്യങ്ങൾക്ക് ലഭിക്കുന്നുണ്ട്.