model

അമൃത്സർ: ഗുരുഗ്രാമിലെ ഹോട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലും കൊലക്കേസ് പ്രതിയുമായ ദിവ്യ പഹൂജ(27)യുടെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെത്തി. കൊല്ലപ്പെട്ട് പത്ത് ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. മൃതദേഹം കനാലിൽ തള്ളിയെന്ന് പ്രതികളിലൊരാൾ പറഞ്ഞതിനെത്തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ദിവ്യ.

പഞ്ചാബിലെ ബക്ര കനാലിൽ പ്രതികൾ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് ഒഴുകി ഹരിയാനയിലെ തൊഹ്ന ഭാഗത്ത് എത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾക്ക് ഫോട്ടോ അയച്ചുനൽകുകയും മൃതദേഹം ദിവ്യയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ജനുവരി രണ്ടിനാണ് ഗുരുഗ്രാമിലെ ഹോട്ടലിൽ വച്ച് ദിവ്യ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത് സിംഗ് അടക്കം അഞ്ചുപേർ അറസ്റ്റിലായിരുന്നു. സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനാണ് കൊന്നതെന്നായിരുന്നു അഭിജീതിന്റെ മൊഴി. ഹോട്ടലിൽനിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന്

അഭിജീത്, സഹായികളായ ഹേമരാജ്,ഓംപ്രകാശ്, ബൽരാജ് ഗിൽ എന്നിവരെയും സുഹൃത്തായ മേഘയെയും അറസ്റ്ര് ചെയ്തു.

ബൽരാജ് ഗിൽ, രവി ബംഗ എന്നിവരാണ് മൃതദേഹം കനാലിൽ തള്ളിയത്. ഇതിൽ ഉൾപ്പെട്ട ബൽരാജ് ഗില്ലിനെ കഴിഞ്ഞദിവസം കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും ദിവ്യയുടെ ചില രേഖകളും ഒളിപ്പിച്ചതിനാണ് മേഘയെ അറസ്റ്റ് ചെയ്തത്.

കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിലെ പ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് വധക്കേസിൽ ഏഴുവർഷത്തോളം ജയിലിലായിരുന്ന യുവതി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്.

2016 ഫെബ്രുവരി ഏഴിനാണ് മുംബയിലെ ഹോട്ടലിൽവെച്ച് ഹരിയാന പൊലീസിന്റെ ഏറ്റുമുട്ടലിൽ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാൽ, മുംബയിലെ ഹോട്ടലിൽ ഹരിയാന പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തൽ. ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദർ കുമാർ എന്ന ബിന്ദേർ ഗുജ്ജാറും ചേർന്നാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതെന്നും മുംബൈ പോലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പിൽ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടർന്നാണ് സന്ദീപ് കൊലക്കേസിൽ അഞ്ച് പോലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉൾപ്പെടെ അറസ്റ്റിലായത്.